സംസ്ഥാനത്ത് റെഡ് അലര്‍ട്ട്: നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തൃശൂരില്‍ മിന്നല്‍ ചുഴലി

സംസ്ഥാനത്ത് റെഡ് അലര്‍ട്ട്: നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തൃശൂരില്‍ മിന്നല്‍ ചുഴലി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്കും തിങ്കളാഴ്ച അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട് ഒഴിച്ചുള്ള എല്ലാ ജില്ലകളിലും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. കൂടാതെ അങ്കണവാടികളും പ്രവർത്തിക്കില്ല. കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കാസർകോട് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

അതേസമയം തൃശൂരില്‍ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടവും സംഭവിച്ചു. ഇന്ന് ഉച്ചയോടെയാണ് ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നല്‍ ചുഴലി ഉണ്ടായത്. മൂന്ന് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകളും പൊട്ടി. വൈകുന്നേരം മൂന്നരയോടെയാണ് ചാമക്കാലയില്‍ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകള്‍ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകര്‍ന്നു. എടവഴിപ്പുറത്ത് വീട്ടില്‍ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കാലവര്‍ഷ കാറ്റ് ശക്തി പ്രാപിക്കുകയാണ്. വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തിയും സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും ഒഡീഷയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അതോടൊപ്പം കേരളതീരത്ത് പടിഞ്ഞാറന്‍/ വടക്ക് പടിഞ്ഞാറന്‍ കാറ്റും ശക്തി പ്രാപിക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിയോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.

തിങ്കളാഴ്ച മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം ഇന്ന് മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.