മലപ്പുറം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. പലയിടത്തും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മലപ്പുറം എടവണ്ണപ്പാറയിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന് മുന്നിലേക്ക് മരം കടപുഴകി വീണു. ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. മരം മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അട്ടപ്പാടി ചോലകാട്ടിൽ വീടിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. ചോലകാട് സ്വദേശിനി ലീലാമ്മയുടെ വീടിന്റെ മുകളിലാണ് ഇന്നലെ രാത്രി പോസ്റ്റ് വീണത്. മരം റോഡിൽ വീണ് താവളം മുള്ളി റോഡ് ഗതാഗതം തടസപ്പെട്ടു.
ശക്തമായ കാറ്റിൽ കുട്ടനാട് എടത്വയിൽ മരം വീണു വീട് തകർന്നു. തലവടി പഞ്ചായത്ത് അഞ്ചാം വാർഡിൽ ബാലൻ നായരുടെ വീടാണ് തകർന്നത്. ഓട് മേഞ്ഞ വീടിന് മുകളിലേയ്‌ക്ക് ആഞ്ഞിലി മരം കടപുഴകി വീഴുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൈനകരി പഞ്ചായത്ത് 11, 12 വാർഡുകളിൽ മൂന്നു വീടുകളുടെ മേൽക്കൂര കാറ്റിലും മഴയിലും തകർന്നു. പുത്തൻചിറ അന്നമ്മ, അറയ്‌ക്കൽ കുഞ്ഞുമോൻ, കൊച്ചുചെറുക്കൻ പട്ടണം എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം. കൈനകരി പഞ്ചായത്ത് റോഡിൽ പലയിടത്തും കാറ്റിൽ വൈദ്യുതി തൂണുകൾ നിലംപൊത്തി. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി.
ഇടുക്കിയിലും മഴ കനക്കുകയാണ്. വിധ ഇടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. മാട്ടുപ്പെട്ടിറൂട്ടിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. രാജാക്കാട് – മയിലാടുംപാറ റൂട്ടിൽ വിവിധ ഇടങ്ങളിൽ മരം വീണു വാഹനഗതാഗതം ഭാഗികമായി നിലച്ചു. വട്ടക്കണ്ണി പാറയ്‌ക്ക് സമീപവും തിങ്കൾക്കാട് കോളനിക്ക് സമീപവും മരം വീണു. മേഖലയിൽ വൈദ്യുത ബന്ധം പൂർണമായി നിലച്ചു. മൂന്നാർ ഗ്യാപ്പ് റോഡിൽ വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു. മണ്ണ് നീക്കി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കല്ലാർപുഴ കരകവിഞ്ഞതോടെ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. മഴ ശക്തമായതോടെ ആലുവ ശിവക്ഷേത്രം മുങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.