ഹോപ് പ്രോബ് ചൊവ്വയിലേക്ക്; ചുവപ്പണിഞ്ഞ് യുഎഇ

ഹോപ് പ്രോബ് ചൊവ്വയിലേക്ക്; ചുവപ്പണിഞ്ഞ് യുഎഇ

ദുബായ്: അറബ് ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടി യുഎഇയുടെ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ ഇനി മണിക്കൂറുകളുടെ അകലം മാത്രം. ചൊവ്വ വൈകിട്ട് പ്രാദേശിക സമയം 7.42 നാണ് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക. ആ ചരിത്ര മൂഹുർത്തത്തെ സ്വാഗതം ചെയ്യാന്‍ രാജ്യം ഒരുങ്ങി കഴിഞ്ഞു.

ദുബായിലെയും അബുദാബിയിലെയും മറ്റ് എമിറേറ്റുകളിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളൊക്കെയും കഴിഞ്ഞ ദിവസം ചുവപ്പ് രാശിയണിഞ്ഞു. മ്യൂസിയം ഓഫ് ഫ്യൂച്ചർ, ബുർജ് അല്‍ അറബ്, ദുബായ് ഫ്രയിം, വാട്ടർ കനാല്‍, അജ്മാന്‍ മ്യൂസിയം എന്നിവയിലെല്ലാം ചുവപ്പ് ദീപങ്ങള്‍ തെളിഞ്ഞു. ഹോപ് പ്രോബ് ദൗത്യത്തിന്റെ വിജയത്തെ സ്വീകരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഒരു ജനത. ചൊവ്വയില്‍ നിന്നുളള വിവരങ്ങള്‍ ഭൂമിയിലെത്താന്‍ 11 മിനിറ്റ് സമയമെടുക്കും. ഇരു ഗ്രഹങ്ങളും തമ്മിലുളള ദൂരക്കൂടുതല്‍ കൊണ്ടാണിത്. പേടകത്തിന്റെ വേഗം മണിക്കൂറിൽ 1.21 ലക്ഷം കിലോമീറ്ററിൽ നിന്ന് 18,000 ആക്കി കുറച്ചാണ് ചൊവ്വാ ഭ്രമണപഥത്തിൽ പ്രവേശിക്കുക.

കഴിഞ്ഞ വർഷം ജൂലൈ 21 നാണ് ജപ്പാനിലെ താനെഗാഷിമയില്‍ നിന്ന് ഹോപ് പ്രോബ് വിക്ഷേപിച്ചത്. 49.35 കോടിയിലേറെ കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം ഫെബ്രുവരി ഒൻപതിന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. ചൊവ്വാ ഗ്രഹത്തിന്റെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ ഹോപ് പ്രോബിന് കഴിയുമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. ചൊവ്വയിലെ അന്തരീക്ഷ പഠനവും കാലാവസ്ഥ പഠനവുമാണ്, ഹോപ് പ്രോബിന്റെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.