'പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നടക്കുന്നത് അരാജകത്വം; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുന്‍ വി.സിക്ക് വീഴ്ച പറ്റി': ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

'പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നടക്കുന്നത് അരാജകത്വം; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുന്‍ വി.സിക്ക് വീഴ്ച പറ്റി':  ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുന്‍ വി.സിക്ക് വീഴ്ച സംഭവിച്ചതായി ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. കുറ്റവാളികളെ സഹായിക്കാന്‍ പുറത്ത് നിന്ന് ഇടപെടല്‍ ഉണ്ടായെന്നും ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18 നാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് കമ്മീഷന്‍ പരിശോധിച്ചത്.

സമയബന്ധിതമായി നടപടിയെടുക്കുന്നതില്‍ മുന്‍ വി.സി എം.ആര്‍ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്നാണ് ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥ തലത്തിലും വീഴ്ച ഉണ്ടായി.

സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ഡന്‍ പൊലീസ് എത്താന്‍ കാത്തു നിന്നില്ല. കോളജ് ഹോസ്റ്റല്‍ ഭരിച്ചിരുന്നത് മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിദ്ധാര്‍ത്ഥനെ മര്‍ദിക്കുന്ന വിവരം അസിസ്റ്റന്റ് വാര്‍ഡനെ വിദ്യാര്‍ഥികള്‍ അറിയിച്ചെങ്കിലും അദേഹം ചുമതല നിര്‍വഹിച്ചില്ല. സിദ്ധാര്‍ത്ഥനെ ആശുപത്രിയില്‍ കൊണ്ടുപോകാനും അസിസ്റ്റന്റ് വാര്‍ഡന്‍ തയ്യാറായില്ല.

പൂക്കോട് ക്യാമ്പസില്‍ അരാജകത്വമാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം. ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പുറത്തു നിന്നുള്ള സഹായത്തോടെ ഒരു സംഘടനയ്ക്ക് സംഭവത്തിന്റെ തീവ്രത മറച്ചു വെയ്ക്കാനായി. കുറ്റവാളികളെ സഹായിക്കാനും ഇടപെടല്‍ ഉണ്ടായെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

സര്‍വകലാശാല വൈസ് ചാന്‍സിലര്‍, അസിസ്റ്റന്റ് വാര്‍ഡന്‍, ഡീന്‍, സിദ്ധാര്‍ത്ഥന്റെ രക്ഷിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 28 പേരുടെ മൊഴിയാണ് കമ്മീഷന്‍ രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ രാജ് ഭവനിലെത്തിയാണ് ജസ്റ്റിസ് ഹരിപ്രസാദ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ഗവര്‍ണര്‍ തീരുമാനിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.