ഓര്‍മകളില്‍ ഉമ്മന്‍ ചാണ്ടി... ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവ് വിട വാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം

ഓര്‍മകളില്‍ ഉമ്മന്‍ ചാണ്ടി... ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവ് വിട വാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം

സാവധാനത്തില്‍ നടക്കുന്ന ശീലം പോലും ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നില്ല. അപ്പോഴും ആള്‍ക്കൂട്ടം ഒപ്പമുണ്ടാകും.

കൊച്ചി: പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടി വിട വാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. കേരളക്കരയെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട്.

ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി 2023 ജൂലൈ 18 നാണ് മരണമടഞ്ഞത്. ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉമ്മന്‍ചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരു വര്‍ഷം പിന്നിടുകയാണ്.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന ഉമ്മന്‍ചാണ്ടി ഇപ്പോഴും മലയാളികളുടെ മനസിലെ നിറ സാന്നിധ്യമാണ്.

ഉമ്മന്‍ ചാണ്ടി ഓര്‍മയായി ഒരു വര്‍ഷം എത്തുമ്പോഴും അദേഹത്തോടുള്ള മലയാളികള്‍ക്ക് അവസാനിക്കുന്നില്ല. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് തീരാത്ത ജന പ്രവാഹമാണ്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഇടയ്‌ക്കൊന്ന് കടന്നെങ്കിലും നിത്യശാന്തതയുടെ ഇടമായി ഈ കല്ലറ മാറി. എല്ലാ ഞായറാഴ്ചയും സഹായം തേടി എത്തിയിരുന്നവര്‍ ഇപ്പോഴും വരുന്നുണ്ട്.

പലരും കല്ലറയില്‍ ഒരു നിവേദനം വെച്ച ശേഷമാണ് എംഎല്‍എയും ഉമ്മന്‍ചാണ്ടിയിടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മുന്നില്‍ നിറഞ്ഞത് ശൂന്യതയായിരുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം പറയുന്നത്. ആള്‍ക്കുട്ടവും ആള്‍ക്കൂട്ടത്തിന്റെ നേതാവായ കുടുംബ നാഥനില്ലാത്തതിന്റെ സങ്കടങ്ങളാണ് ഭാര്യ മറിയാമ്മയും മക്കളായ അച്ചുവും മറിയയും മകന്‍ ചാണ്ടി ഉമ്മനും പങ്കുവയ്ക്കുന്നത്.

കാരോട്ട് വള്ളക്കാലില്‍ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബര്‍ 31 നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മന്‍ ചാണ്ടി കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു.

യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970 കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറി. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയതയുള്ള നേതാക്കളിലൊരാളായി ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു.

പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഇരുപത്തിയേഴാമത്തെ വയസില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളിയില്‍ നിന്നും എംഎല്‍എയായി. 2020 ലാണ് പുതുപ്പള്ളിയില്‍ നിന്നുള്ള നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷം ഉമ്മന്‍ ചാണ്ടി പൂര്‍ത്തീകരിച്ചത്. 1977 ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രായം 34 വയസ് മാത്രമായിരുന്നു.

1978 ല്‍ എ.കെ ആന്റണി മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. കെ കരുണാകരന്റെ മന്ത്രിസഭകളില്‍ ആഭ്യന്തര മന്ത്രിയായും ധനകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. രണ്ട് തവണയായി ഏഴ് വര്‍ഷം മുഖ്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, പ്രതിപക്ഷ നേതാവ്, ഐക്യജനാധിപത്യ മുന്നണി കണ്‍വീനര്‍ എന്നീ ചുമതലകളും വഹിച്ചു.

പുതുപ്പള്ളിക്കാര്‍ക്ക് കുഞ്ഞൂഞ്ഞായിരുന്നു ഉമ്മന്‍ ചാണ്ടി. അഞ്ച് പതിറ്റാണ്ട് കാലം കുഞ്ഞൂഞ്ഞിനെ മാത്രം തിരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ച് പുതുപ്പള്ളിക്കാര്‍ അവരുടെ വാല്‍സല്യം കാണിച്ചു. തിരുവനന്തപുരത്ത് ജഗതിയിലുള്ള തന്റെ വീടിന്റെ പേര് 'പുതുപ്പള്ളി ഹൗസ്' എന്നിട്ടു കൊണ്ട് ഉമ്മന്‍ ചാണ്ടി തന്റെ മണ്ണിനെ സ്നേഹിച്ചു.

ലോകത്ത് എവിടെയാണെങ്കിലും ഞായറാഴ്ച ദിവസം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെത്തിയാല്‍ ആദ്യം പള്ളിയില്‍ പോയി പ്രാര്‍ത്ഥന. പിന്നെ പതിവു പോലെ മണ്ഡലത്തിലെ എല്ലാവരേയും കഴിയുന്നത്ര കാണാനുള്ള തിരക്ക്. പിന്നെ തിരുവനന്തപുരത്തേക്കോ കാസര്‍കോട്ടേക്കോ ചിലപ്പോള്‍ ഡല്‍ഹിയിലേക്കോ ഉള്ള പോക്ക്. സാവധാനത്തില്‍ നടക്കുന്ന ശീലം പോലും ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നില്ല. അപ്പോഴും ആള്‍ക്കൂട്ടം ഒപ്പമുണ്ടാകും.

സംസ്ഥാന വ്യാപകമായി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ പുതുക്കാനായി കോണ്‍ഗ്രസ് നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ജില്ലയിലെ 1546 വാര്‍ഡുകളില്‍ ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുമെന്ന് തിരുവനന്തപുരം ഡിസിസി അറിയിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പളളിയില്‍ പ്രത്യേക കുര്‍ബാനയുണ്ടായിരുന്നു. തുടര്‍ന്ന് കല്ലറയില്‍ ധൂപ പ്രാര്‍ത്ഥനയും വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. പിന്നീട് ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗവും സംഘടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.