ലോകമെങ്ങും വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍: ഇടപാടുകള്‍ താറുമാറായി, വിമാനങ്ങള്‍ റദ്ദാക്കി; മാധ്യമ സ്ഥാപനങ്ങളും ബാങ്കുകളും നിശ്ചലം

ലോകമെങ്ങും വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍: ഇടപാടുകള്‍ താറുമാറായി, വിമാനങ്ങള്‍ റദ്ദാക്കി; മാധ്യമ സ്ഥാപനങ്ങളും ബാങ്കുകളും നിശ്ചലം

ന്യൂഡല്‍ഹി: ലോക വ്യാപകമായി വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍. അമേരിക്കന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്.

ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെയും വിമാന കമ്പനികള്‍, ബാങ്കുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുടെയും പ്രവര്‍ത്തനം തകരാറിലായി. ആമസോണ്‍ ഉള്‍പ്പടെ ഇ കോമേഴ്സ് പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു.

ഓസ്ട്രേലിയയില്‍ വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പടെ പ്രവര്‍ത്തനം തകരാറിലായിരിക്കുകയാണ്. എബിസി, സ്‌കൈ ന്യൂസ് തുടങ്ങിയവ സംപ്രേക്ഷണം നിര്‍ത്തി. നിരവധി ബാങ്കുകളെയും വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.

തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. തുടര്‍ന്ന് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാര്‍ട്ട് ചെയ്യപ്പെടുന്നു. ബ്ലാക്ക് സ്‌ക്രീന്‍ എറര്‍, സ്റ്റോപ്പ് കോഡ് എറര്‍ എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്.

ഫാല്‍ക്കണ്‍ സെന്‍സറിന്റേതാണ് പ്രശ്നമെന്ന് ക്രൗഡ് സ്ട്രൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതേസമയം ഇത് ഏതെങ്കിലും വിധത്തിലുള്ള ഹാക്കിങ് ശ്രമമമാണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.


ഇന്ത്യന്‍ സമയം രാവിലെ പത്തരയോടെയാണ് പല രാജ്യങ്ങളിലുമുള്ള കംപ്യൂട്ടറുകള്‍ സ്വയം ഷട്ട് ഡൗണ്‍ ചെയ്യാന്‍ തുടങ്ങിയത്. മൈക്രോ സോഫ്റ്റ് തകരാര്‍ മൂലം ഇന്ത്യയിലെ വിമാനക്കമ്പനികളായ സ്‌പൈസ് ജെറ്റ്, ആകാശ് എയര്‍ എന്നിവയുടെ ബുക്കിങ് സംവിധാനങ്ങളെയും ചെക്ക്-ഇന്‍ പ്രക്രിയകളെയും ഫ്‌ളൈറ്റ് അപ്ഡേറ്റുകളെയും ബാധിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

'ഫ്‌ളൈറ്റിന്റെ തടസങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ നിലവില്‍ ഒരു സാങ്കേതിക പ്രശ്നം നേരിടുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങളുടെ ടീം സജീവമായി പ്രവര്‍ത്തിക്കുന്നു. ഉപയോക്താക്കള്‍ക്ക് അസൗകര്യം നേരിടുന്നതില്‍ ഖേദിക്കുന്നു. പ്രശ്നം പരിഹരിച്ചു കഴിഞ്ഞാല്‍ നിങ്ങളെ അറിയിക്കും. നിങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി'- സ്‌പൈസ് ജെറ്റ് അധികൃതര്‍ എക്‌സില്‍ കുറിച്ചു.

പ്രശ്‌ന പരിഹാരത്തിനായി തങ്ങള്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും അതിന് മുന്തിയ പരിഗണനയും അടിയന്ത്ര ശ്രദ്ധയുമാണ് നല്‍കുന്നതെന്നും മൈക്രോ സോഫ്റ്റ് അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.