ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ആര്‍എസ്എസ്-ബിജെപി സംയുക്ത യോഗം നാളെ തുടങ്ങും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരായ പടയൊരുക്കം ശക്തമാകുമ്പോഴാണ് നാളെയും മറ്റന്നാളുമായി നിര്‍ണായക ആര്‍എസ്എസ്-ബിജെപി യോഗം ലക്‌നൗവില്‍ ചേരുന്നത്.
യോഗിക്കെതിരെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതിനിടെയാണ് പ്രശ്‌ന പരിഹാരത്തിനായി ആര്‍എസ്എസിന്റെ ഇടപെടല്‍. ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളെത്തുന്ന യോഗത്തില്‍ യോഗിയും കേശവ് പ്രസാദ് മൗര്യയും പങ്കെടുക്കും.
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം നിലവിലെ പ്രതിസന്ധിയും ചര്‍ച്ച ചെയ്യും. ബിജെപിക്കെതിരെ ആര്‍എസ്എസ് മേധാവി തന്നെ നിലപാട് കടുപ്പിക്കുമ്പോള്‍ ശക്തമായ നിര്‍ദേശങ്ങള്‍ക്കും സാധ്യതയുണ്ട്.
ചിലര്‍ അതിമാനുഷരാകാന്‍ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മോഡിക്കെതിരെ മോഹന്‍ ഭാഗവത് നടത്തിയ പരോക്ഷ വിമര്‍ശനത്തോട് പ്രതികരിക്കേണ്ടെന്നാണ് ബിജെപി നേതൃത്വം നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ വിമര്‍ശനം തുടരുന്നതുണ്ടാക്കുന്ന ബുദ്ധിമുട്ട് നേതാക്കള്‍ അറിയിക്കാനിടയുണ്ട്.
അതേ സമയം യുപി ബിജെപിയിലെ പോര് യോഗിയുടെ നയങ്ങളെ ചോദ്യം ചെയ്യാനുള്ള ശേഷി സഖ്യ കക്ഷികള്‍ക്കും നല്‍കിയിരിക്കുകയാണ്. കന്‍വാര്‍ യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ ഭക്ഷണ ശാലകളുടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ആര്‍എല്‍ഡിയും ജെഡിയുവും പ്രതിഷേധം അറിയിച്ചു.
ഒരു വിഭാഗത്തെ ഉന്നമിട്ടുള്ള നീക്കമെന്ന വിമര്‍ശനം ശക്തമാകുമ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചതും ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.