മാനന്തവാടി: മാനന്തവാടി രൂപതാംഗമായ ഫാ. ജോസ് കുളിരാനി (81) നിര്യാതനായി. 81 വയസ് ആയിരുന്നു. ദ്വാരക വിയാനി ഭവനില്‍ വിശ്രമ ജിവിതം നയിക്കവെ വെള്ളിയാഴ്ച (ജൂലൈ 19)യായിരുന്നു അന്ത്യം.
സംസ്‌കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് ദ്വാരക പാസ്റ്ററല്‍ സെന്ററിന്റെ ചാപ്പലില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് വരെ പൊതുദര്‍ശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്‌കാര ശുശ്രൂഷയുടെ അവസാന ഭാഗം 2.30 ന് വിശുദ്ധ കുര്‍ബാനയോടെ മാര്‍ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ചാപ്പലില്‍ ആരംഭിക്കും.
ഫാ. ജോസ് കോട്ടയം കടപ്ലാമറ്റത്ത് കുളിരാനിയില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ മകനായി 1943 ഒക്ടോബര്‍ ഒന്‍പതിനാണ് ജനിച്ചത്. കര്‍ഷകരായിരുന്ന മാതാപിതാക്കള്‍ തലശേരി അതിരൂപതയിലെ എടൂര്‍ ദേശത്തേക്ക് കുടിയേറിപ്പാര്‍ക്കുകയായിരുന്നു. എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പൗരോഹിത്യജീവിതം സ്വപ്നം കണ്ട് വൈദിക പരിശീലനം ആരംഭിച്ച കുളിരാനിയച്ചന്‍ കുന്നോത്ത്, തലശേരി എന്നിവിടങ്ങളില്‍ നിന്ന് വൈദിക പരിശീലനത്തിന്റെ പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി.
ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ നടത്തി 1969 ഡിസംബര്‍ 22 ന് തലശേരി അതിരൂപത മെത്രാപ്പോലീത്താ മാര്‍ ജോസഫ് വള്ളോപ്പിള്ളിയില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് നടവയല്‍ ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി പൗരോഹിത്യ ജീവിതം ആരംഭിച്ചു.
മാനന്തവാടി രൂപതയിലെ കബനിഗിരി, ബത്തേരി, മണിമൂളി, കല്‍പറ്റ, ചെറുകാട്ടൂര്‍, അമ്പായത്തോട്, വാളവയല്‍, കണിയാമ്പറ്റ എന്നീ ഇടവകകളിലും ഇപ്പോള്‍ ബല്‍ത്തങ്ങാടി രൂപതയുടെ ഭാഗമായ ജഡ്കല്‍ ഇടവകയിലും ഭദ്രാവതി രൂപതയുടെ ഭാഗമായ എന്‍.ആര്‍ പുര ഇടവകയിലും അദേഹം വികാരിയായിരുന്നു.
2018 മെയ് മുതല്‍ ദ്വാരക വിയാനിഭവനില്‍ വിശ്രമജിവിതം നയിച്ചുവരികയായിരുന്നു. വൈദികര്‍ ആടുകളുടെ ഗന്ധമുള്ളവനാകണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ കുളിരാനിയച്ചന്റെ ജീവിതത്തില്‍ അന്വര്‍ഥമാണ്. എന്നും താനായിരുന്ന ഇടവകകളിലെല്ലാം അജഗണത്തിന് ഇടയനായിത്തീര്‍ന്നുകൊണ്ട് അവരിലൊരാളായിത്തീരാന്‍ അച്ചന് സാധിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ സജീവമായി ഉപയോഗിച്ചുകൊണ്ട് തന്റെ അജപാലന ശുശ്രൂഷ കൂടുതല്‍ കാര്യക്ഷമമാക്കാനും യുവജനങ്ങളിലേക്കും പുതുതലമുറയുടെ പുതുജീവിത ശൈലികളിലേക്കും ഇറങ്ങിച്ചെന്നുകൊണ്ട് സുവിശേഷവത്കരണം നവമായി അവതരിപ്പിക്കാനും അച്ചന് കഴിഞ്ഞിട്ടുണ്ട്.
വിശ്രമ നാളുകളിലും അച്ചന്‍ കര്‍മ്മോത്സുകനായിരുന്നു. തീക്ഷ്ണതയില്‍ കുറവുവരാതെ പ്രാര്‍ഥനയില്‍ അടിയുറച്ചു നിന്ന് വിളിച്ചവനോട് വിശ്വസ്തനായിരിക്കാനും പുതുതലമുറയിലെ വൈദികര്‍ക്ക് മാതൃകയായിത്തീരാനും അച്ചന്‍ പരിശ്രമിച്ചിട്ടുണ്ട്. ആരുടെയും മുഖം നോക്കാതെ തന്റെ അഭിപ്രായം തുറന്ന് പറയാനും ചര്‍ച്ചകളിലും കൂട്ടായ്മകളിലും നിരന്തരം ഇടപെടലുകള്‍ നടത്താനും അച്ചന്‍ കാണിച്ചിരുന്ന തീക്ഷ്ണതയും ധൈര്യവും എല്ലാവര്‍ക്കും മാതൃകയാണ്.
ലാളിത്യത്തിന്റെ മാതൃകയായാണ് ജോസച്ചനെ എല്ലാവരും കണക്കാക്കിയിരുന്നത്. പ്രായം തളര്‍ത്താത്ത തീക്ഷ്ണതയും പുതിയ മേഖലകള്‍ എത്തിപ്പിടിക്കാനുള്ള ആവേശവും അച്ചന്റെ പൗരോഹിത്യ ജീവിതത്തെ വ്യത്യസ്തമാക്കുന്നു. ശുശ്രൂഷ ചെയ്ത് കടന്നുപോയ ഇടവകകളിലെല്ലാം ദൈവജനത്തിന്റെ ഓര്‍മ്മയില്‍ അച്ചന് പ്രമുഖസ്ഥാനമുണ്ടെന്നത് സ്മരണാര്‍ഹമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.