ബംഗളൂരു: കര്‍ണാടയിലെ ഷിരൂരില്‍ കുന്നിടിഞ്ഞു വീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ അകപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ലോറിയുടെ ലൊക്കേഷന്‍ റഡാറില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
എന്നാല്‍ ഇത് ലോറിയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. ലോറിയാണെങ്കില്‍ അത് ഏത്ര താഴ്ചയിലാണെന്നോ പുറത്തേക്ക് എടുക്കണമെങ്കില്‍ എത്ര സമയം വേണ്ടി വരുമെന്നോയുള്ള കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല.
ലോറിക്ക് മുകളിലായി 50 മീറ്ററിലധികം ഉയരത്തില്‍ മണ്ണ് ഉണ്ടെന്ന് കരുതുന്നതായി കാര്‍വാര്‍ എസ്.പി നാരായണ പറഞ്ഞു. പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്യുന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു. ഉച്ചയോടെ കൃത്യമായ വിവരം നല്‍കാനാകുമെന്ന് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
മംഗളൂരുവില്‍ നിന്ന് അത്യാധുനിക സംവിധാനമുള്ള റഡാറാണ് എത്തിച്ചിട്ടുള്ളത്. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുന്നത്. കൂടുതല്‍ സാങ്കേതിക വിദഗ്ധര്‍ ഉടന്‍ സ്ഥലത്തെത്തുമെന്നും ഉത്തര കന്നഡ കലക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം ആറുമണിക്ക് തന്നെ ആരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. സ്ഥലം എംഎല്‍എ നേരിട്ടെത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
അര്‍ജുനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായവരില്‍ ഒരു സ്ത്രീയുമുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി സൈന്യത്തിന്റെ സഹായം തേടണമെന്നാണ് അര്‍ജുന്റെ കുടുംബം ആവശ്യപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.