പ്രവാസി സംഗമം പാലായുടെ ബലവും ശക്തിയും; ജീവിതമാകുന്ന സുവിശേഷത്തിലൂടെ പ്രവാസികൾ വിശ്വാസത്തിൻ്റെ സാക്ഷികളാകണം: മാർ കല്ലറങ്ങാട്ട്

പ്രവാസി സംഗമം പാലായുടെ ബലവും ശക്തിയും; ജീവിതമാകുന്ന സുവിശേഷത്തിലൂടെ പ്രവാസികൾ വിശ്വാസത്തിൻ്റെ സാക്ഷികളാകണം: മാർ കല്ലറങ്ങാട്ട്

പാലാ: പ്രവാസികൾ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സംവാഹകരാണെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് നടത്തിയ ആഗോള പ്രവാസി സംഗമം കൊയ്നോണിയ- 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മറ്റ് രാജ്യങ്ങളിൽ എത്തുന്നവർ അവിടുത്തെ നന്മകൾ സ്വീകരിക്കണം. ആതിഥേയ രാജ്യങ്ങളിൽ സേവനത്തിന്റെ മാതൃകയാകാൻ കഴിയണം. പ്രവാസി സംഗമം പാലായുടെ ബലവും ശക്തിയുമാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

ജീവിതമാകുന്ന സുവിശേഷത്തിലൂടെ പ്രവാസികൾ വിശ്വാസത്തിൻ്റെ സാക്ഷികളാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പറഞ്ഞു. പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പ്രവാസി അപ്പോസ്‌തലേറ്റ് പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി നടത്തുന്ന പാലിയേറ്റീവ് വിഭാഗത്തിന്റെ സമർപ്പണം ഫാ. ബെന്നി മുണ്ടനാട്ട് നിർ വഹിച്ചു.

മാർ സ്ലീവാ മെഡിസിറ്റി പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രഖ്യാപിച്ച മെഡി കെയർ പ്രോഗ്രാം മെഡിസിറ്റി ഡയറക്ട‌ർ മോൺ. ഡോ. ജോസഫ് കണിയോടിക്കലും പ്രവാസി അപ്പോസ്‌തലേറ്റ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന പരിശീലന പരിപാടിയായ ട്രെയ്നിങ് ആൻഡ് ഓറിയൻഷൻ വികാരി ജനറൽ മോൺ. ഡോ.സെബാസ്‌റ്റ്യൻ വേത്താനത്തും ഉദ്ഘാടനം ചെയ്തു.

രൂപത വികാരി ജനറൽ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, രൂപത പ്രവാസി അപ്പോസ്‌തലേറ്റ് ഡയറക്ട‌ർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. ഡയറക്ടർമാരായ ഫാ.ജോർജ് നെല്ലിക്കൽ, ഫാ.മാണി കൊഴുപ്പൻകുറ്റി, ഗ്ലോബൽ കോർഡിനേറ്റർ ഷാജിമോൻ മങ്കുഴിക്കരി, ജനറൽ കൺവീനർ സോജിൻ ജോൺ, ജൂട്ടസ് പോൾ, സെൻട്രൽ സെക്രട്ടറി ഷിനോജ് മാത്യു. രഞ്ജിത് മാത്യു എന്നിവർ പ്രസം​ഗിച്ചു.

പാലാ രൂപതയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയവരും മടങ്ങിയെത്തിയവരുമായ നൂറുകണക്കിനാളുകൾ സംഗമത്തിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.