'ഉമ്മന്‍ചാണ്ടി ക്രിസ്തുവിന്റെ ക്രൂശിത രൂപം ഓര്‍മ്മിപ്പിക്കും വിധം രാഷ്ട്രീയ ജീവിതം നയിച്ച ഭരണാധികാരി': വി.ഡി സതീശന്‍

'ഉമ്മന്‍ചാണ്ടി ക്രിസ്തുവിന്റെ ക്രൂശിത രൂപം ഓര്‍മ്മിപ്പിക്കും വിധം രാഷ്ട്രീയ ജീവിതം നയിച്ച ഭരണാധികാരി': വി.ഡി സതീശന്‍

കോട്ടയം: സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും വഴികളിലൂടെ യാത്ര ചെയ്ത് ക്രിസ്തുവിന്റെ ക്രൂശിത രൂപം ഓര്‍മ്മിപ്പിക്കും വിധം രാഷ്ട്രീയ ജീവിതം നയിച്ച ഭരണാധികാരിയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കുരിശിന്റെ മാര്‍ഗത്തിലൂടെ സഹാനുഭൂതിയുടെയും ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെയും വഴികളിലൂടെയാണ് ഉമ്മന്‍ചാണ്ടി യാത്ര ചെയ്തത്. സഹാനുഭൂതി, കരുണ, സ്‌നേഹം ഇവയെല്ലാം ഒരു ഭരണത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയുമെന്ന് തെളിയിച്ചു തന്ന ഭരണാധികാരി കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. അദേഹത്തെപ്പറ്റി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്നതും അത് തന്നെ ആയിരിക്കുമെന്ന് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സഹാനുഭൂതി എന്ന വാക്ക് അധികാരത്തിന്റെ ഘടകമാക്കി മാറ്റിയെടുക്കാന്‍ അദേഹത്തിന് കഴിഞ്ഞു. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം 13-ാം അധ്യായത്തില്‍ പറയുന്നുണ്ട് ക്രിസ്തു സാബത്തിന്റെ നിയമങ്ങള്‍ പോലും ലംഘിച്ച് സഹാനുഭൂതി കാട്ടിയെന്ന്. ക്രിസ്തു ദേവാലയത്തില്‍ ആയിരിക്കവെ 18 വര്‍ഷമായി നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ വിഷമിച്ചിരുന്ന കൂനിയായ സ്ത്രീയ്ക്ക് രോഗ ശാന്തി നല്‍കി. അതിനെതിരെ അവിടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ആ നിയമത്തെ ലംഘിക്കാനുള്ള കാരണമായി ക്രിസ്തു പറയുന്ന കാരണം സ്‌നേഹവും കരുണയുമാണ്.- ഈ സംഭവം ഉമ്മന്‍ചാണ്ടിയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് വി.ഡി സതീശന്‍ വിശദീകരിക്കുന്നു.

കളമശേരിയില്‍ നിന്ന് ഒരു അച്ഛനും മകനും ശബരിമല സന്ദര്‍ശനത്തിന് പോകുകയും വഴിമധ്യേ പിതാവ് ഹൃദ്രോഗംമൂലം മരണപ്പെടുകയും ചെയ്യുന്നു. പത്തനംതിട്ടയില്‍ നിന്നും മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് അദേഹം മരണപ്പെട്ടത്. അതോടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിയമത്തിന്റെ നൂലാമാലകളും പ്രശ്‌നങ്ങളുമായി. ഇയാള്‍ എവിടെവച്ചാണ് മരണപ്പെട്ടത് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാതെ വന്നതായിരുന്നു പ്രശ്‌നം. അങ്ങനെ ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയില്‍ വന്നപ്പോള്‍ ഈ വിഷയം അദ്ദേഹത്തെ അറിയിക്കുകയും അവിടെ വച്ച് നിയമം തന്നെ തിരുത്തന്ന നടപടി സ്വീകരിച്ച് പ്രശ്‌ന പരിഹാരം നടത്തുകയായിരുന്നു അദേഹം. മാത്രമല്ല അതിനുവേണ്ടി പ്രത്യേകം നിയമസഭാ സമ്മേളനം തന്നെ ഉമ്മന്‍ചാണ്ടി വിളിക്കുകയും ചെയ്തു.

സാബത്ത് ദിവസം നിയമം ലംഘിച്ച് രോഗിയെ സൗഖ്യപ്പെടുത്തിയ ക്രിസ്തുവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ ഈ പ്രവര്‍ത്തിയിലൂടെ ഓര്‍മ്മ വരുന്നത്. ആ വലിയ പുരുഷാരത്തിന് നടുവില്‍ നില്‍ക്കുന്ന ക്രിസ്തുവിനെയാണ് ഉമ്മന്‍ചാണ്ടിയിലൂടെ അനുസ്മരിപ്പിക്കപ്പെടുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

വി.ഡി സതീശന്റെ പ്രസംഗം ചുവടെ:



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.