ബെര്‍ലിന്‍: പാലസ്തീനെ പിന്തുണച്ച അമേരിക്കന്‍ മോഡല്‍ ബെല്ല ഹദീദിനെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കി സ്പോര്‍ട്സ് വെയര്‍ കമ്പനിയായ അഡിഡാസ്. റെട്രോ എസ്.എല്‍72 ഷൂസിന്റെ പരസ്യത്തില്‍ നിന്നാണ് ബെല്ലയെ ഒഴിവാക്കിയത്. പാലസ്തീന്‍ വേരുകളുള്ള ബെല്ല ഹദീദിനെ പ്രചാരണത്തിനായി അഡിഡാസ് തെരഞ്ഞെടുത്തതില്‍ ജര്‍മനിയിലെ ഇസ്രയേല്‍ എംബസി വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് തീരുമാനം. ഈ വിഷയത്തില്‍ കമ്പനി ക്ഷമാപണവും നടത്തി.
1972ലെ മ്യൂണിച്ച് ഒളിമ്പിക്‌സ് ഗെയിംസിലാണ് എസ്.എല്‍72 എന്ന ഷൂ കായികതാരങ്ങള്‍ ആദ്യമായി ധരിച്ചത്. ഇവ വീണ്ടും പുറത്തിറക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മോഡലിനെ നീക്കിയത്.
1972ലെ മ്യൂണിച്ച് ഒളിമ്പിക്സിനിടയില്‍ ഇസ്രയേലി അത്‌ലറ്റുകളെ പാലസ്തീന്‍ ബ്ലാക്ക് സെപ്റ്റംബര്‍ ഗ്രൂപ്പിലെ തോക്കുധാരികള്‍ ബന്ദിയാക്കിയിരുന്നു. ഒളിമ്പിക്‌സ് വില്ലേജിലേക്ക് കായികതാരങ്ങളെപ്പോലെ ട്രാക്ക് സ്യൂട്ട് ധരിച്ച് നുഴഞ്ഞുകയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പതിനൊന്ന് ഇസ്രയേലി കായികതാരങ്ങളും അഞ്ച് പാലസ്തീന്‍ ബ്ലാക്ക് അംഗങ്ങളും ഒരു ജര്‍മന്‍ പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ഒളിമ്പിക്‌സ് ചരിത്രത്തിലെ കറുത്ത അധ്യായമാണ് ഈ കൂട്ടക്കൊല.
ജര്‍മ്മനിയിലെ ഇസ്രായേല്‍ എംബസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെയാണ് - 'പ്രചാരണത്തിന്റെ മുഖം ആരാണെന്ന് ഊഹിക്കുക? ഇസ്രയേലികള്‍ക്കും ജൂതന്മാര്‍ക്കും എതിരെ യഹൂദ വിരുദ്ധത പ്രചരിപ്പിക്കുകയും ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ചരിത്രമുള്ള മോഡലാണ് ബെല്ല ഹദീദ്'.
'ചരിത്രസംഭവങ്ങളെ കുറിച്ച് തങ്ങള്‍ ബോധവാന്മാരാണ്. മനഃപൂര്‍വമല്ലെങ്കിലും എന്തെങ്കിലും അസ്വസ്ഥതയോ വിഷമമോ ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു'- ബെല്ല ഹദീദിനെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയ ശേഷം അഡിഡാസ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പ്രതികരിച്ചു. കാമ്പെയ്‌ന്റെ ഭാഗം ഞങ്ങള്‍ പുനഃപരിശോധിക്കുന്നതായും അഡിഡാസ് വ്യക്തമാക്കി.
ബെല്ല ഹദീദ് പലപ്പോഴും ഇസ്രയേല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും പാലസ്തീനികളെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.