കാലാവസ്ഥ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകും; രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടും: സാമ്പത്തിക സര്‍വേ

കാലാവസ്ഥ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകും; രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടും: സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 6.5-7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ ഈ വര്‍ഷം ഉയര്‍ച്ചക്ക് സാധ്യതയുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. മഹാമാരിക്ക് മുമ്പുള്ള സാമ്പത്തിക വര്‍ഷത്തേതിന് അടുത്താണ് നിലവിലെ ജിഡിപി.

മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് നാളെ അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ ലോക്സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സമഗ്രമായ അവലോകനമാണ് സാമ്പത്തിക സര്‍വേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാര്‍ഗനിര്‍ദേശ പ്രകാരം ധന മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് റിപ്പോര്‍ട്ട്.

മികച്ച മണ്‍സൂണ്‍ പ്രവചനവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ തൃപ്തികരമായ വ്യാപനവും കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകും. ഇതിലൂടെ ഗ്രാമീണ ആവശ്യകതയില്‍ വര്‍ധനവുണ്ടാകും. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ചെലവു കുറഞ്ഞ ഇറക്കുമതി സാധ്യത സ്വകാര്യ മൂലധന വരവിനെ ബാധിച്ചേക്കാമന്നെും ജാഗ്രത വേണമെന്നും സര്‍വെയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആഗോള തലത്തിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തിയതിനാല്‍ സാമ്പത്തിക വിപണികള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയതായും സര്‍വെ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന മൂല്യത്തിലുള്ള വിപണിയില്‍ തിരുത്തലുകളുണ്ടായാല്‍ ഗാര്‍ഹിക ധനകാര്യത്തിലും കോര്‍പറേറ്റ് വാല്യുവേഷനിലും തിരിച്ചടിയുണ്ടായേക്കാം.

2023-24 സാമ്പത്തിക വര്‍ഷം ഐടി മേഖലയില്‍ നിയമനങ്ങള്‍ കാര്യമായി കുറഞ്ഞതായും നടപ്പ് വര്‍ഷം കൂടുതല്‍ തൊഴില്‍ നഷ്ടം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സര്‍വെ വിലയിരുത്തുന്നു. രാജ്യത്തെ വളര്‍ച്ച സംബന്ധിച്ച അനുമാനം റിസര്‍വ് ബാങ്കിന്റെ 7.2 ശതമാനത്തേക്കാള്‍ കുറവാണ്. അതേസമയം, ഐഎംഎഫ്, എഡിബി തുടങ്ങിയ ഏജന്‍സികളുടെ അനുമാനത്തോട് അടുത്തു നില്‍ക്കുന്നതുമാണ് സര്‍വേ റിപ്പോര്‍ട്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.