അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് രണ്ട് കുട്ടികള്‍ ചികിത്സയില്‍; മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് രണ്ട് കുട്ടികള്‍ ചികിത്സയില്‍; മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ഭീതി ഒഴിയാതെ കോഴിക്കോട്. പ്രാഥമിക പരിശോധനയില്‍ രോഗബാധ കണ്ടെത്തിയ രണ്ട് കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ് അധികൃതര്‍ അറിയിച്ചു.

രോഗം സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇന്ന് വന്നേക്കും. രോഗം ബാധിച്ച് മൂന്നിലധികം മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ട കുട്ടികളില്‍ എല്ലാവരും പതിനഞ്ച് വയസില്‍ താഴെയുള്ളവരായിരുന്നു. അപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ മരണനിരക്ക് 97 ശതമാനമാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം പയ്യോളി സ്വദേശിയായ പതിനാല് വയസുകാരന്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ലോകമെമ്പാടും ആകെ 11 പേര്‍ മാത്രമേ ഈ രോഗം അതിജീവിച്ചിട്ടുള്ളൂ. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗ മുക്തി നേടുന്നത്.

കോഴിക്കോട് മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിക്ക് മസ്തിഷ്‌ക ജ്വരം ഉണ്ടെന്ന് സംശയിക്കുകയും ലക്ഷണങ്ങളെ കുറിച്ച് അധികൃതരെ അറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് കുട്ടിക്ക് അപസ്മാരം പിടിപെട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ജൂലൈ ഒന്നിനാണ് പ്രവേശിപ്പിച്ചത്.

നേരത്തെയുള്ള കണ്ടെത്തലിന്റെയും സമഗ്ര പരിചരണത്തിന്റെയും ഫലമായാണ് മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചത്. ജൂലൈ 20 ന് അമീബിക് മസ്തിഷ്‌ക ജ്വരത്തെ നേരിടാനുള്ള സമഗ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഈ അപൂര്‍വ രോഗത്തിന് സമഗ്രമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. പിന്നീട് രോഗ ബാധിതന്‍ ഗുരുതരാവസ്ഥയിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. പല തരം അമീബകള്‍ രോഗകാരികള്‍ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് മനുഷ്യ ശരീരത്തിലേക്ക് കടന്നു കയറുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം തെറിക്കുകയോ ചെയ്താല്‍ ഇങ്ങനെ സംഭവിക്കാം. ഇതാണ് തലച്ചോറിലെത്തി രോഗകാരിയായി മാറുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.