'സിറോ മലബാര്‍ സഭയുടെ വളര്‍ച്ച അതിശയകരം'; ദിവ്യകാരുണ്യ കോണ്‍ഗ്രസ് വേദിയില്‍ പ്രശംസയുമായി ഉക്രെയ്ന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ്

'സിറോ മലബാര്‍ സഭയുടെ വളര്‍ച്ച അതിശയകരം'; ദിവ്യകാരുണ്യ കോണ്‍ഗ്രസ് വേദിയില്‍ പ്രശംസയുമായി ഉക്രെയ്ന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ്

ഇന്ത്യാനപോളിസ്: അമേരിക്കയിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് വേദിയില്‍ സിറോ മലബാര്‍ സഭയുടെ വളര്‍ച്ചയെ പ്രശംസിച്ച് ഉക്രെയ്ന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ് ബോറിസ് എ ഗുഡ്‌സിയാക്. ഇന്ത്യാനപോളിസിലെ ലൂകാസ് ഓയില്‍ സ്റ്റേഡിയത്തില്‍ സിറോ മലബാര്‍ ആരാധനാക്രമത്തില്‍ നടന്ന പരിശുദ്ധ കുര്‍ബാനയ്ക്കിടെയായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശം.

'സിറോ മലബാര്‍ സഭ അതിശയകരമായ സഭയാണ്. അനുദിനം അതു വളരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിലാണ് സിറോ മലബാര്‍ സഭയുള്ളത്. ക്രിസ്ത്യാനികള്‍ക്ക് അതത്ര എളുപ്പമല്ല. അതുകൊണ്ട് ഇന്ത്യയിലെ നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.

അതിമനോഹരമായ ഒരു സഭയാണത് - അഞ്ച് ദശലക്ഷം വിശ്വാസികള്‍, 10,000-ത്തിലേറെ വൈദികരും 30,000-ത്തിലധികം കന്യാസ്ത്രീകളുമുള്ള സഭ. അതായത് 150 വിശ്വാസികള്‍ക്ക് ഒരു കന്യാസ്ത്രീ എന്ന നിലയില്‍ ലോകമെമ്പാടും അവര്‍ സേവനം ചെയ്യുന്നു.



ഏറ്റവും വലിയ പൗരസ്ത്യ സഭയായി കണക്കാക്കുന്നത് ഉക്രെയ്‌നിയന്‍ കത്തോലിക്കാ സഭയെയാണ്. എന്നാല്‍ സിറോ മലബാര്‍ സഭ അതിവേഗം വളരുകയാണ്. ഞാന്‍ കരുതുന്നത് അവര്‍ ഒന്നാമതായിത്തീരും' - ആര്‍ച്ച് ബിഷപ്പ് ഗുഡ്‌സിയാക് പറഞ്ഞു.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്‍ കീഴില്‍ കത്തോലിക്കര്‍ കടുത്ത പീഡനം നേരിടുന്നുവെന്നും സഭ യുദ്ധത്തിന്റെ മുറിവുകള്‍ വഹിക്കുന്നതായും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മികനായി.

ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗമായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം. ഇന്ത്യാനപോളിസിലെ വീഥികളെ ഭക്തിയുടെ കൊടുമുടിയില്‍ എത്തിച്ച പ്രദക്ഷിണത്തില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഇന്ത്യാന കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് ഇന്ത്യാന യുദ്ധസ്മാരകത്തിലേക്കായിരുന്നു ദിവ്യകാരുണ്യ ഘോഷയാത്ര.

ഘോഷയാത്ര കടന്നുപോകുമ്പോള്‍ സ്തുതിഗീതങ്ങളോടെ അതില്‍ പങ്കുചേരാന്‍ ആബാലവൃദ്ധം കത്തോലിക്കരും തെരുവുകളില്‍ നിരന്നു. വൈദികര്‍, ബിഷപ്പുമാര്‍, സെമിനാരിക്കാര്‍, അടുത്തിടെ ആദ്യ കുര്‍ബാന സ്വീകരിച്ച വലിയ സംഘം കുട്ടികള്‍ എന്നിവര്‍ പ്രദക്ഷിണത്തിന് അകമ്പടിയേകി.

വത്തിക്കാനില്‍ നിന്നു വാഴ്ത്തിയ ദിവ്യകാരുണ്യം സ്ഥാപിച്ച സക്രാരി ബിഷപ്പുമാരുടെ അകമ്പടിയോടെ അലങ്കരിച്ച വാഹനത്തിലാണ് പരസ്യവണക്കത്തിനായി പ്രദര്‍ശിപ്പിച്ചത്. ദിവ്യകാരുണ്യം കടന്നുപോയപ്പോള്‍ തെരുവില്‍ അണിനിരന്നവര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു.

എണ്‍പത്തിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎസില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.