ഗംഗാവാലി പുഴയില്‍ ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക റവന്യൂ മന്ത്രി; അര്‍ജുന്റേതാകാന്‍ സാധ്യത: തിരച്ചില്‍ ഊര്‍ജിതം

ഗംഗാവാലി പുഴയില്‍ ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക റവന്യൂ മന്ത്രി; അര്‍ജുന്റേതാകാന്‍ സാധ്യത: തിരച്ചില്‍ ഊര്‍ജിതം

ഷിരൂര്‍: ഉത്തര കര്‍ണാടകയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തിരച്ചിലിനിടെ ഗംഗാവാലി പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി.

ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാകാമെന്നാണ് സൂചന. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഗൗഡ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ അര്‍ജുന്റേതെന്ന് കരുതുന്ന ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്‌നി രക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധ പ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ട്.

ജൂലൈ 16 ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയ പാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.

10 മീറ്ററോളം ഉയരത്തില്‍ ഇവിടെ മണ്ണ് മൂടിയിരുന്നു. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലോറി കണ്ടെത്തിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.