"ജോലി വേണോ?..പിന്‍വാതിലിലൂടെ വരൂ"... സരിതയുടെ ശബ്ദരേഖ പുറത്ത്


തിരുവനന്തപുരം: തൊഴില്‍ത്തട്ടിപ്പു കേസില്‍ പ്രതിയായ വിവാദ നായിക സരിത എസ്. നായരുടെ ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയില്‍ നിയമനം നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച് കൂടുതല്‍ പേരെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കായി പ്രേരിപ്പിക്കുന്ന സരിതയുടെ മൊബൈല്‍ ഫോണ്‍ സംഭഷണമാണ് പുറത്തായത്.

രോഗ്യ കേരളം പദ്ധതിയില്‍ പിന്‍വാതിലിലൂടെ നാലുപേര്‍ക്ക് ജോലി നല്‍കിയെന്ന് പരാതിക്കാരനുമായുള്ള സംഭാഷണത്തില്‍ സരിത പറയുന്നു. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും ശബ്ദരേഖയിലുണ്ട്. ഇടത് സര്‍ക്കാരിന്റെ അനധികൃത നിയമനങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സരിതയുടെ ശബ്ദരേഖ പുറത്തു വന്നത്.

ബിവറേജസ് കോര്‍പറേഷനിലും കെ.ടി.ഡി.സിയിലും ജോലിവാഗ്ദാനം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടുപേരില്‍നിന്ന് പണം തട്ടിയെടുത്തു എന്നാണ് സരിതയ്ക്ക് എതിരെയുള്ള കേസ്. ജോലി വാഗ്ദാനം മാത്രമല്ല, വ്യാജ നിയമന ഉത്തരവും പരാതിക്കാര്‍ക്ക് നല്‍കിയിരുന്നു. പിന്‍വാതില്‍ നിയമനം ആണെങ്കിലും ജോലി ഉറപ്പായും ലഭിക്കുമെന്ന് പണം വാങ്ങുന്നിന് മുമ്പ് പരാതിക്കാരെ സരിത ബോധ്യപ്പെടുത്തുന്നത് ശബ്ദരേഖയിലുണ്ട്.

താന്‍ മുമ്പും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പറയുന്നു. ഈ നിയമനങ്ങള്‍ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ആണ്. രാഷ്ട്രീയക്കാര്‍ക്ക് ഇതുകൊണ്ട് നേട്ടമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കുഴപ്പമൊന്നും വരാതെ നമുക്ക് നോക്കണമെന്നും സരിത പറയുന്നുണ്ട്. നാലുമാസം മുന്‍പാണ് തൊഴില്‍ത്തട്ടിപ്പ് കേസില്‍ സരിതയ്ക്കെതിരെ നെയ്യാറ്റിന്‍കര പോലീസിന് പരാതി ലഭിക്കുന്നത്.

സരിത ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് പരാതി. പരാതിക്കാര്‍ മൊഴിയും ഈ ശബ്ദരേഖയും പോലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ സരിതയെയും കൂട്ടാളികളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ കേസില്‍ പ്രതിയായിരിക്കേയാണ് സോളാര്‍ കേസില്‍ അന്വേഷണമാവശ്യപ്പെട്ട് സരിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സോളാറിലെ പീഡനക്കേസ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.