പാരീസ്: ഒളിമ്പിക്‌സ് കായിക മാമാങ്കത്തിന്റെ 33-ാം പതിപ്പിന് നാളെ പാരീസില്‍ കൊടിയേറ്റം. ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് പാരീസ് ഒളിമ്പിക്‌സിന് വേദിയൊരുക്കുന്നത്. ഇതോടെ ലണ്ടന് ശേഷം മൂന്ന് ഒളിമ്പിക്‌സുകള്‍ക്ക് വേദിയാകുന്ന ആദ്യ നഗരം എന്ന ഖ്യാതിയും ഫ്രഞ്ച് തലസ്ഥാന നഗരത്തിന് സ്വന്തമാകും. 
1900,1924 ഒളിമ്പിക്‌സുകളാണ് ഇതിന് മുമ്പ് ഇവിടെ നടന്നിട്ടുള്ളത്. ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകള്‍ നാളെയാണെങ്കിലും ഫുട്‌ബോളിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചു. അര്‍ജന്റീനയും മൊറോക്കോയും തമ്മിലായിരുന്നു ആദ്യ മത്സരം. അമ്പെയ്ത്തിലെ റാങ്കിങ് റൗണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ പുരുഷ വനിതാ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും.
പ്രധാന സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങ് നടത്തുന്ന പതിവില്‍ നിന്ന് വ്യതിചലിച്ച് സ്റ്റേഡിയത്തിന് പുറത്തുവച്ച് നടത്തുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് പാരീസ് ഒളിമ്പിക്‌സിന്റെ പ്രധാന ആകര്‍ഷണം. ആറ് കിലോമീറ്റര്‍ ദൂരം സെന്‍ നദിയിലൂടെ 85 ബോട്ടുകളിലും ബാര്‍ജുകളിലുമായി കായിക താരങ്ങളെ മാര്‍ച്ച് പാസ്റ്റ് ചെയ്യിച്ച് നദിക്കരയിലെ താത്കാലിക വേദിയില്‍ എത്തിക്കാനും അവിടെവച്ച് ദീപം തെളിയിക്കല്‍ ഉള്‍പ്പടെയുള്ള ഉദ്ഘാടന പരിപാടികള്‍ നടത്താനുമാണ് സംഘാടകരുടെ പദ്ധതി. 
വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമലും രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടിയിട്ടുള്ള പി.വി സിന്ധുവുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തുന്നത്.
69 കായിക ഇനങ്ങളിലായി 117 ഇന്ത്യന്‍ കായികതാരങ്ങളാണ് പാരീസില്‍ മത്സരിക്കുന്നത്. 10 മെഡലുകള്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് വേണ്ടി ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, വനിതാ വെയ്റ്റ് ലിഫ്ടിങ് താരം മീരഭായ് ചാനു, ബോക്‌സിംഗ് താരം നിഖാത്ത് സരിന്‍, ഷൂട്ടിങ് താരങ്ങളായ മനു ഭാക്കര്‍, സിഫ്റ്റ് കൗര്‍ സമ്ര തുടങ്ങിയ പ്രമുഖര്‍ പോരാട്ടത്തിനിറങ്ങും. 
അവസാന ഒളിമ്പിക്‌സിനിറങ്ങുന്ന ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ്, ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയ്, അത്ലറ്റിക്‌സ് താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അബ്ദുള്ള അബൂബേക്കര്‍, മിജോ കുര്യന്‍ എന്നിവരാണ് മലയാളി പ്രതീക്ഷകള്‍.
ആകെ 10714 കായിക താരങ്ങളാണ് 329 മെഡലുകള്‍ക്കായി പാരീസില്‍ മത്സരിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.