ഉറക്കത്തിനിടെ ഹൃദയാഘാതം; ആറു മാസം മുന്‍പ് യു.കെയിലെത്തിയ മലയാളി യുവാവ് മരിച്ചു

ഉറക്കത്തിനിടെ ഹൃദയാഘാതം; ആറു മാസം മുന്‍പ് യു.കെയിലെത്തിയ മലയാളി യുവാവ് മരിച്ചു

കോണ്‍വാള്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കോതമംഗലം സ്വദേശി ഹനൂജ് എം. കുര്യാക്കോസാണ് (40) ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പ്ലിമൗത്തിന് സമീപം കോണ്‍വാളിലെ ബ്യൂഡിലാണ് ഹനൂജ് താമസിച്ചിരുന്നത്. യുകെയിലെത്തി ഒരു വര്‍ഷം പോലും തികയും മുന്‍പാണ് ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി യുവാവ് വിടപറഞ്ഞത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരുന്ന ഹനൂജിന് ക്ഷീണം തോന്നി രാവിലെ വീണ്ടും കിടക്കാന്‍ പോകുകയായിരുന്നു. രാവിലെ 7.30 ആയിട്ടും എഴുന്നേല്‍ക്കാതെ കിടക്കുന്ന ഹനൂജിനെ ചലനമറ്റ നിലയിലാണ് ഭാര്യയ്ക്ക് കാണാന്‍ സാധിച്ചത്. വിളിച്ചറിയിച്ചതനുസരിച്ച് ഉടനെ പാരാമെഡിക്കല്‍ സംഘം എത്തിയെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. തലച്ചോറിലേക്കുള്ള ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതാകാം പൊടുന്നനെയുള്ള മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി പ്ലീമൗത്ത് ആശുപത്രിയിലേക്ക് മാറ്റി.

ഏഴു വര്‍ഷത്തോളം യുകെയിലുണ്ടായിരുന്ന ഹനൂജ് വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് 2012 ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ആറ് മാസം മുന്‍പാണ് വീണ്ടും യുകെയില്‍ എത്തുന്നത്. കോണ്‍വാളിലെ ഒരു സ്വകാര്യ കെയര്‍ഹോമില്‍ ജോലി ചെയ്യുന്ന ദിവ്യയാണ് ഭാര്യ. അയാന്‍ (5), ആരോണ്‍ (2) എന്നിവരാണ് മക്കള്‍. അയാന്‍ മാത്രമാണ് ഇപ്പോള്‍ യുകെയില്‍ ഉള്ളത്. രണ്ടു വയസുള്ള ഇളയ കുട്ടി നാട്ടില്‍ ഹനൂജിന്റെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് കഴിയുന്നത്.

കോതമംഗലം പുന്നേക്കാട് മാപ്പാനിക്കാട്ട് കുര്യാക്കോസ്, അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഏക സഹോദരി ഹണി (ബാസില്‍ഡണ്‍, യുകെ). മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കാരം നടത്താനാണ് ഉദ്ദേശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.