യുഡിഎഫ് വന്നാല്‍ അനധികൃത നിയമനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കും: ചെന്നിത്തല

യുഡിഎഫ് വന്നാല്‍ അനധികൃത നിയമനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കും: ചെന്നിത്തല

കോഴിക്കോട് : യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തുമെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനധികൃത നിയമനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കും. നിയമത്തിന്റെ കരട് തയ്യാറായി.

ഈ നിയമപ്രകാരം ഓരോ വകുപ്പിലെയും മേധാവിമാരോ, അപ്പോയിന്റ് മെന്റ് അതോറിട്ടിയോ വകുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യുന്ന തസ്തികകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. പിഎസ് സി റാങ്ക്ലിസ്റ്റ് നിലനില്‍ക്കെ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് തലവന്മാര്‍ക്കെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. ഇതിന്റെ ശിക്ഷ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ ആയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരു അവസരവും ലഭിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടക്കുന്നത്.

കാലടി സര്‍വകലാശാലയിലെ നിയമന വിവാദം പുറത്തുകൊണ്ടുവന്നത് ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരാണ്. മോഷണം കയ്യോടെ പിടികൂടിയപ്പോള്‍ പിടിച്ചവരെ മോഷ്ടാവ് ആക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നു ലക്ഷം പിന്‍വാതില്‍ നിയമനങ്ങളാണ് ഇടതു സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.