'സിറോ മലബാര്‍ സഭയുടെ ഗള്‍ഫ് മേഖലയിലെ സ്വപ്നം വൈകാതെ പൂവണിയും': മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

'സിറോ മലബാര്‍ സഭയുടെ ഗള്‍ഫ് മേഖലയിലെ സ്വപ്നം വൈകാതെ പൂവണിയും': മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

ദോഹ: സിറോ മലബാര്‍ സഭയുടെ ഗള്‍ഫ് മേഖലയില്‍ സ്വതന്ത്ര രൂപത എന്ന ഏറെക്കാലമായ സ്വപ്നം ഏറെ വൈകാതെ പുവണിയുമെന്ന് പ്രത്യാശിക്കുന്നതായി സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഖത്തര്‍ സെന്റ് തോമസ് ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

തന്റെ റോം സന്ദര്‍ശന വേളയില്‍ മാര്‍പ്പാപ്പ ഗള്‍ഫ് മേഖലയിലെ വിശ്വാസികളുടെ കാര്യം നേരിട്ട് നോക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഓഗസ്റ്റില്‍ നടക്കുന്ന സിനഡിന് ശേഷം ആവശ്യമായ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. നോര്‍ത്തേണ്‍ വികാരിയേറ്റിന്റെ വികാര്‍ അപ്പസ്‌തോലിക് ആയ ബിഷപ്പ് ആല്‍ഡോ ബെറാര്‍ഡിയെ സാക്ഷിയാക്കിയാണ് അദേഹം ഇത് പറഞ്ഞത്.

ഉത്ഘാടനം നിര്‍വഹിച്ച ആര്‍ച് ബിഷപ്പ് ശേഷം കേക്ക് മുറിച്ച് ജൂബിലിയുടെ സന്തോഷം പങ്കുവച്ചു. യോഗത്തിന് നോര്‍ത്തേണ്‍ വികാരിയേറ്റിന്റെ വികാര്‍ അപ്പസ്‌തോലിക് ആയ ബിഷപ്പ് ആല്‍ഡോ ബെറാര്‍ഡി അധ്യക്ഷത വഹിച്ചു. നമ്മള്‍ ഒരേ സമൂഹമാണെന്നും വിശ്വാസത്തിന്റെ സാക്ഷികളാകേണ്ടവരാണ് നിങ്ങളെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.

യോഗത്തില്‍ ജഗുല്‍പൂര്‍ രൂപതാധ്യക്ഷനും സഭയുടെ മൈഗ്രന്റ്‌സ് കമ്മീഷന്‍ അംഗവുമായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ ഇടവക വികാരി ഫാ. നിര്‍മല്‍ വേഴാപറമ്പിലിന്റെയും അസി. വികാരി ഫാ. ബിജു മാധവത്തിന്റെയും സന്ദേശവും ആശംസകളും ജുബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജൂട്ടസ് പോള്‍ യോഗത്തില്‍ അറിയിച്ചു.

ജൂബിലി സംഗമം സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്ത്വത്തില്‍ വി കുര്‍ബാനയോട് കൂടെ ആരംഭിച്ചു. ശേഷം സഭാ വക്താവ് ഡോ. കൊച്ചുറാണി ജോസഫ് സിറോ മലബാര്‍ സഭയുടെ സ്വഭാവം എന്ന വിഷയത്തില്‍ സെമിനാര്‍ നയിക്കുകയും ചെയ്തു.
യോഗത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മുന്‍കാല വൈദികരായ ഫാ. ജോസ് തച്ചുകുന്നേല്‍, ഫാ. ജേക്കബ് പനംതോട്ടം, ഫാ. ജോയ് ചേറാടി, ഫാ. ജോണ്‍ വാഴപ്പനാടി, ജൂബിലി അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡേവിസ് എടുകുളത്തൂര്‍, ജോയ് ആന്റണി, ഇടവക ട്രസ്റ്റീ റോയി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

യോഗത്തിന് ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ജൂട്ടസ് പോള്‍ സ്വാഗതം ആശംസിക്കുകയും ഷെവലിയാര്‍ സിബി വാണിയപ്പുരക്കല്‍ ആമുഖ പ്രഭാഷണവും ജുബിലി കമ്മിറ്റി കണ്‍വീനര്‍ ജീസ് ജോസഫ് കൃതജ്ഞതയും അര്‍പ്പിച്ചു. ഖത്തറില്‍ സേവനം അനുഷ്ടിച്ച് തിരികെ വന്ന അറുപതില്‍ പരം മുന്‍ കാല പ്രവര്‍ത്തകരെയും യോഗത്തില്‍ പ്രത്യേക പുരസ്‌കാരം നല്‍കി മേജര്‍ ആര്‍ച് ബിഷപ്പ് അനുമോദിച്ചു.

ഇടവക വികാരി ഫാ. നിര്‍മല്‍ വേഴാപറമ്പിലിന്റെയും അസി. വികാരി ഫാ. ബിജു മാധവത്തിന്റെയും മേല്‍ നോട്ടത്തില്‍ നടത്തിയ ജൂബിലി സംഗമത്തിന് ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ജൂട്ടസ് പോള്‍, കണ്‍വീനര്‍മാരായ സിബിച്ചന്‍ പീറ്റര്‍, ജീസ് ജോസഫ്, മനോജ് മാടവന, ഡേവിസ് എടുകുളത്തൂര്‍, ഡേവിസ് ഇടശേരി, ട്രസ്റ്റിമാരായ റോയ് ജോര്‍ജ്, ഐഡിസിസി കോഓര്‍ഡിനേറ്റര്‍ കെ.പി കുര്യന്‍, എക്ടിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പേഴ്സായ ജോജി അഗസ്റ്റിന്‍, ഷാന്‍ ദേവസ്യ ജോസഫ്, ലോക്കല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സിബി വാണിയപ്പുരക്കല്‍, ഫ്രാന്‍സിസ് തെക്കേത്തല, ആന്റണി പി. ഫ്രാന്‍സിസ്, പോള്‍ മാത്യു, ജെയിംസ് അരീക്കുഴി, ആനി വര്‍ഗീസ്, ജെസി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.