ഒളിംപിക്സ്: പാരീസില്‍ രണ്ട് ലക്ഷത്തോളം ബൈബിള്‍ വിതരണം ചെയ്യാനൊരുങ്ങി ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റി

 ഒളിംപിക്സ്: പാരീസില്‍ രണ്ട് ലക്ഷത്തോളം ബൈബിള്‍ വിതരണം ചെയ്യാനൊരുങ്ങി  ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റി

പാരീസ്: ഒളിമ്പിക്സിനോട് അനുബന്ധിച്ച് രണ്ട് ലക്ഷത്തോളം ബൈബിള്‍ വിതരണം ചെയ്യാനൊരുങ്ങി ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റി. ഫ്രഞ്ച് ഭാഷയില്‍ 1,40,000 കോപ്പികളും ഇംഗ്ലീഷില്‍ 60,000 ബൈബിള്‍ കോപ്പികളും വിതരണം ചെയ്യാനാണ് സൊസൈറ്റി ലക്ഷ്യം വയ്ക്കുന്നത്. ബൈബിളിലെ പുതിയ നിയമമാണ് വിതരണം ചെയ്യുക.

വിവിധ ക്രിസ്ത്യന്‍ മിനിസ്ട്രികളുമായി സഹകരിച്ചാണ് ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റി പദ്ധതി നടപ്പാക്കുന്നത്. ഫ്രഞ്ച് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ ജോയല്‍ അബാറ്റി, ഓസ്ട്രേലിയന്‍ ഹൈ ജംപര്‍ നിക്കോള ഒലിസ്ലാഗേഴ്സ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.


ഓരോ രാജ്യത്തെയും ബൈബിള്‍ സൊസൈറ്റികള്‍ വഹിക്കുന്നത് സ്തുത്യര്‍ഹമായ പങ്കാണെന്നും സമകാലിക ലോകത്ത് ബൈബിളിന് ശക്തമായ സ്വാധീനമാണുള്ളതെന്നും ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജോനാഥന്‍ ബൗലറ്റ് പറഞ്ഞു.

പാരീസ് ഒളിംപിക്‌സുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള 11 ദശ ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുമെന്നാണ് അധികൃതരുടെ കണക്ക്. സെപ്റ്റംബര്‍ എട്ടിന് സമാപിക്കുന്ന ഒളിമ്പിക്‌സിലും പാരാ ലിമ്പിക്‌സിലും ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റി പുതിയ നിയമത്തിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്യുമെന്നും ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.