പാപ്പുവ ന്യൂ ഗിനിയയില്‍ കൂട്ടക്കൊല; യുവാക്കളുടെ ആക്രമണത്തില്‍ 26ലേറെ ഗ്രാമീണര്‍ കൊല്ലപ്പെട്ടു: മരിച്ചവരില്‍ ഏറിയ പങ്കും കുട്ടികള്‍

പാപ്പുവ ന്യൂ ഗിനിയയില്‍ കൂട്ടക്കൊല; യുവാക്കളുടെ ആക്രമണത്തില്‍ 26ലേറെ ഗ്രാമീണര്‍ കൊല്ലപ്പെട്ടു: മരിച്ചവരില്‍ ഏറിയ പങ്കും കുട്ടികള്‍

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് ഒരു മാസം അവശേഷിക്കെയാണ് സംഘര്‍ഷം

മെല്‍ബണ്‍: ഓസ്ട്രേലിയക്കു സമീപമുള്ള പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗിനിയയില്‍ അക്രമി സംഘം 26 പേരെ കൂട്ടക്കൊല ചെയ്തു. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് ഒരു മാസം അവശേഷിക്കെയാണ് രാജ്യത്ത് സംഘര്‍ഷമുണ്ടായത്. പാപ്പുവ ന്യൂ ഗിനിയയിലെ വടക്കന്‍ മേഖലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് അക്രമി സംഘത്തിന്റെ ക്രൂരതയെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ട 26 പേരില്‍ 16 പേരും കുട്ടികളാണെന്നാണ് പുറത്ത് വരുന്ന വിവരം. മരണസംഖ്യ 50 ആകുമെന്നാണ് സൂചന.

30 പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് തോക്കുകളും വടിവാളുകളുമായി കുട്ടികളും സ്ത്രീകളും പുരുഷന്മാരടക്കമുള്ളവരെ കൂട്ടക്കൊല ചെയ്തതെന്ന് പ്രദേശത്തെ ആക്ടിംഗ് പ്രൊവിന്‍ഷ്യല്‍ പോലീസ് കമാന്‍ഡര്‍ ജെയിംസ് ബോഗന്‍ ഓസ്ട്രേലിയന്‍ മാധ്യമമായ എ.ബി.സി ന്യൂസിനോടു പറഞ്ഞു.

രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തുള്ള സെപിക് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന അംഗോറം ജില്ലയിലെ തമാര, തംബരി, അംഗ്രുമാര എന്നീ മൂന്ന് ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ വീടുകള്‍ അക്രമി സംഘം തീയിട്ടു. രക്ഷപ്പെട്ടവര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയതിനാലാണ് ജീവന്‍ രക്ഷപ്പെട്ടതെന്നാണ് ഗ്രാമീണര്‍ പ്രതികരിക്കുന്നത്.

സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും അക്രമത്തിനിരയായവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ മുതലകളുള്ള ചതുപ്പ് മേഖലകളില്‍ തള്ളിയതായും റിപ്പോര്‍ട്ട് പറയുന്നു. തലകള്‍ വെട്ടിമാറ്റിയ നിലയിലാണ് മിക്ക മൃതദേഹങ്ങളുമുള്ളത്. ജൂലൈ 16നും ജൂലൈ 18നുമാണ് അക്രമം നടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്.

'ഐ ഡോണ്ട് കെയര്‍' എന്ന ഒരു സംഘടനയില്‍പ്പെട്ട 30-ലധികം യുവാക്കളുടെ സംഘമാണ് വ്യത്യസ്ത സമയങ്ങളില്‍ അക്രമം നടത്തിയതെന്നാണ് ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ മാണ്ഡി പറയുന്നത്. സ്ത്രീകളെയും കുട്ടികളെയും ഏറ്റവും ദുര്‍ബലരായ വൃദ്ധരെയും ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണങ്ങള്‍.

ആക്രമണങ്ങള്‍ നടന്ന ഗ്രാമങ്ങള്‍ വിദൂര മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാന്‍ പ്രയാസമാണ്.

രക്ഷപ്പെട്ടവരില്‍ പലരും ചുറ്റുമുള്ള വനത്തിലേക്കു പലായനം ചെയ്തു. പ്രദേശവാസിയായ ഒരാള്‍ പറയുന്നത് ഇപ്രകാരമാണ് - 'എന്റെ ഗ്രാമത്തിലെ എല്ലാ വീടുകളും നശിപ്പിച്ചു. പ്രദേശവാസികള്‍ക്ക് ഒന്നും എടുക്കാന്‍ പോലും സാധിക്കാതെ പലായനം ചെയ്തു. വെവാക്ക് രൂപതയിലെ കണ്ടുവാനം ഇടവക സ്ഥിതി ചെയ്യുന്ന പ്രദേശത്ത്, ഭൂമിയുടെ ഉടമസ്ഥാവകാശവും ചൂഷണവും സംബന്ധിച്ച തര്‍ക്കത്തില്‍ വര്‍ഷങ്ങളായി നാല് വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്ന് പ്രാദേശിക കാരിത്താസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇവിടെ സഹായമോ അടിയന്തര സംവിധാനമോ ഇല്ലാതെ എല്ലാം നഷ്ടപ്പെട്ട് വനത്തില്‍ കഴിയുന്നവര്‍ നിരവധിയാണ്.

സെപ്റ്റംബര്‍ രണ്ടു മുതല്‍ 13 വരെ നടക്കുന്ന മാര്‍പാപ്പയുടെ സന്ദര്‍ശനത്തിലാണ് ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗുനിയ, ഈസ്റ്റ് തിമോര്‍, സിംഗപ്പൂര്‍ എന്നീ നാലു രാജ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

800ല്‍ അധികം തദ്ദേശീയ ഭാഷകളുള്ള പാപുവ ന്യൂ ഗിനിയയില്‍ തദ്ദേശീയ വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.