'അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരണം': കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

'അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരണം': കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ ജൂലൈ 16 നുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്‍കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

രക്ഷാ ദൗത്യത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുന്നതു വരെ തിരച്ചില്‍ തുടരണമെന്നും സാധ്യമായ എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും അധ്വാനത്തെ അദേഹം കത്തില്‍ പ്രശംസിച്ചു.

രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പട്ടു. തിരച്ചില്‍ നിര്‍ത്താനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണ്. തിരച്ചില്‍ നിര്‍ത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയാണെന്നും റിയാസ് കുറ്റപ്പെടുത്തി. ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ പോലും തിരച്ചില്‍ തുടരാനാണ് തീരുമാനിച്ചത്. ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കിയില്ല.

കര്‍ണാടക സര്‍ക്കാര്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നില്ല. നേവല്‍ ബേസിലെ ഏറ്റവും വൈദഗ്ധ്യമുള്ള ഡൈവേഴ്സിനെ ഉപയോഗിക്കാന്‍ തയ്യാറാകണം. തീരുമാനത്തില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ പിന്മാറണം. മന്ത്രിമാര്‍ക്ക് അവിടെ പോകാനേ കഴിയൂ. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

കാലാവസ്ഥ കൂറേക്കൂടി അനുകൂലമായിട്ടും നേരത്തേ തന്നെ തിരച്ചില്‍ നിര്‍ത്തുകയാണ്. രക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം കൈക്കൊണ്ട പ്രധാന മൂന്ന് തീരുമാനങ്ങള്‍ നടപ്പാക്കിയില്ല. പാന്‍ടൂണ്‍ കൊണ്ടുവന്ന് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചു.

എന്നാല്‍ അത് ചെയ്യാന്‍ തയ്യാറായില്ല. തഗ് ബോട്ട് കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് കൊണ്ടു വന്നിട്ടില്ല. എന്താണ് തടസം? ഡ്രെഡ്ജിങ് നടത്താന്‍ ഒരു പാലമാണ് തടസമെന്ന് പറഞ്ഞിട്ട് അതും പരിഹരിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.