ഒളിമ്പിക്സ് ആവേശം അങ്ങ് ബഹിരാകാശത്തും‌; ആശംസയുമായി സുനിതാ വില്യംസും സംഘവും; വൈറലായി വീഡിയോ

ഒളിമ്പിക്സ് ആവേശം അങ്ങ് ബഹിരാകാശത്തും‌; ആശംസയുമായി സുനിതാ വില്യംസും സംഘവും; വൈറലായി വീഡിയോ

വാഷിങ്ടൺ: പാരിസ് ഒളിമ്പിക്സിന് തിരി തെളിഞ്ഞിട്ട് മൂന്ന് ദിവസം. മത്സരങ്ങൾ പൊടിപൊടിക്കുകയാണ്. ഇതിനിടെ ബഹിരാകാശത്തുവരെ ഒളിമ്പിക്സ് ആവേശം അലത്തല്ലുകയാണ്. പാരിസിന് 400 കിലോമീറ്റർ അകലെ, ബഹിരാകാശത്ത് നിന്ന് ഒളിമ്പിക്സ് മത്സരാർത്ഥികൾക്ക് ശുഭാശംസ നേരുകയാണ് സുനിതാ വില്യംസ്. ഒളിമ്പിക്സ് ദീപശിഖയുടെ ഇലക്ട്രോ‌ണിക് പതിപ്പ് കൈയിലേന്തി ജിംനാസ്റ്റിക് ചുവടുകൾ വയ്‌ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നാസ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഡിസ്കസും ഷോട്പുട്ട് ബോളുകളും എറിയുന്നതും ഭാരോ​ദ്വഹന തന്ത്രങ്ങൾ പരീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. സുനിതയ്‌ക്കൊപ്പം മറ്റ് യാത്രികാരും പങ്കുച്ചേർ‌ന്നു.

അതിരുകൾ ഭേദിച്ച് തലമുറകളെ പ്രചോദിപ്പിക്കുന്ന ഒളിമ്പിക്സിന് തുടക്കമായിരിക്കുന്നു. ലോ‌കമെമ്പാടുമുള്ള അത്‌ലറ്റുകൾ പാരിസിന്റെ മണ്ണിൽ ഒത്തുകൂടിയിരിക്കുന്നു. നിങ്ങളൊരു ഒളിമ്പിക് അത്‌ലറ്റായിരുന്നുവെങ്കിൽ നിങ്ങൾ ഏത് ഇനത്തിൽ കളിക്കളത്തിലിറങ്ങുമായിരുന്നുവെന്നും നാസ പങ്കുവച്ച കുറിപ്പിൽ ആരായുന്നു. കഠിനമായ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ആരോ​ഗ്യം നേരുന്നതായും മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിക്കട്ടെയെന്നും സുനിതാ വില്യംസും സംഘവും ആശംസിക്കുന്നു. ബഹിരാകാശ നിലയത്തിൽ ഒൻപത് ബഹിരാകാശ സഞ്ചാരികളാണുള്ളത്.

ബഹിരാകാശ നിലയിൽ തുടരുന്ന സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറുടെയും തിരിച്ചുവരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെന്നിരിക്കേയാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള രസകരമായ വീഡിയോ പുറത്തുവന്നിരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.