ഇസ്രയേലിനെതിരെ ഭീഷണി മുഴക്കി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍; സദ്ദാമിന്റെ അന്ത്യം ഓര്‍മയില്ലേ എന്ന് മറുപടി

ഇസ്രയേലിനെതിരെ ഭീഷണി മുഴക്കി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍;  സദ്ദാമിന്റെ അന്ത്യം ഓര്‍മയില്ലേ എന്ന് മറുപടി

അങ്കാറ: ഇസ്രയേലിനെതിരെ ഭീഷണി മുഴക്കി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദോഗന്‍. പലസ്തീന്‍കാരെ രക്ഷിക്കാന്‍ ഇസ്രായേലിലേക്ക് സൈന്യത്തെ അയക്കുമെന്നാണ് ലിബിയയിലും നഗോര്‍ണോ കരാബഖിലും ചെയ്ത കാര്യം സൂചിപ്പിച്ച് കടുത്ത ഇസ്ലാമിസ്റ്റ് നേതാവായ എര്‍ദോഗന്റെ ഭീഷണി.

ഇതിന് കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് രംഗത്ത് വന്നു. ഇറാഖിലെ സദ്ദാം ഹുസൈന്റെ അവസ്ഥ എര്‍ദോഗനും വരുമെന്നായിരുന്നു അദേഹത്തിന്റെ മറുപടി.

എങ്ങനെയായിരുന്നു സദ്ദാമിന്റെ അന്ത്യമെന്ന് ഓര്‍ത്താല്‍ നന്ന് എന്നും കട്‌സ് എക്സില്‍ കുറിച്ചു. 2003 ല്‍ അമേരിക്കയും സഖ്യകക്ഷികളും ഇറാഖില്‍ അധിനിവേശം നടത്തി സദ്ദാമിനെ തടവിലാക്കി വിചാരണയ്ക്ക് ശേഷം തൂക്കിലേറ്റുകയായിരുന്നു.

യൂറോപ്യന്‍-അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയിലെ രണ്ടാം കക്ഷിയാണ് തുര്‍ക്കി. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ വലിയ സൈനിക ശക്തിയാണ് തുര്‍ക്കി. ഈ സാഹചര്യത്തിലാണ് തുര്‍ക്കിയുടെ ഭീഷണിക്ക് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നത്.

തുര്‍ക്കിയിലെ ഭരണ കക്ഷിയായ എ.കെ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് എര്‍ദോഗന്‍ ഇസ്രയേലിനെതിരെ ഭീഷണി മുഴക്കിയത്. പാലസ്തീനില്‍ ഇസ്രായേല്‍ ചെയ്യുന്ന ക്രൂരതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ലിബിയയിലും കരാബഖിലും ചെയ്ത പോലെ ഇസ്രയേലും ചെയ്യേണ്ടി വരുമെന്നും എര്‍ദോഗന്‍ പറഞ്ഞു.

ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ച ശേഷം അവിടെ നിലവില്‍ വന്ന സര്‍ക്കാരിനെ യു.എന്‍ പിന്തുണച്ചിരുന്നു. സര്‍ക്കാരിനെ പിന്തുണച്ച് തുര്‍ക്കി സൈന്യത്തെ അയക്കുകയും ചെയ്തു. ഈ സംഭവമാണ് എര്‍ദോഗന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്.

അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ കരാബഖില്‍ സൈനിക നീക്കം നടത്തിയപ്പോള്‍ തുര്‍ക്കി സൈന്യം പിന്തുണ നല്‍കിയിരുന്നു. നേരിട്ട് സൈന്യത്തെ അയച്ചില്ലെങ്കിലും പരിശീലനം ഉള്‍പ്പെടെ നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതിനിടെ സിറിയ-ഇസ്രയേല്‍ അതിര്‍ത്തിയിലെ ഗോലാന്‍ കുന്നുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 12 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ ലബനനിലെ ഹിസ്ബുള്ളയാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇക്കാര്യം ഹിസ്ബുള്ള നിഷേധിച്ചെങ്കിലും ലബനനില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം ശക്തമാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.