ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെത്തി: രക്ഷാ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ കോഴിക്കോട്ടിറക്കി; വിറങ്ങലിച്ച് വയനാട്

ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെത്തി: രക്ഷാ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ കോഴിക്കോട്ടിറക്കി; വിറങ്ങലിച്ച് വയനാട്

കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. രക്ഷാ പ്രവര്‍ത്തനത്തിന് തടസമായി കനത്ത മഴ പെയ്യുന്നുണ്ട്.

വയനാട്ടിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ കോഴിക്കോട്ടിറക്കി. ചൂരല്‍മലയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാ പ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി.

കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബറ്റാലിയനില്‍ നിന്നും ഒരു കമ്പനി ഉടന്‍ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.

മുണ്ടെക്കൈയും അട്ടമലയും പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരു മേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെടുന്നുണ്ട്.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരല്‍മല പാലവും പ്രധാന റോഡും തകര്‍ന്നതോടെ ഇവിടെ നിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ സാധിച്ചിട്ടില്ല.

നിലവില്‍ 250 അംഗ എന്‍ഡിആര്‍എഫ് സംഘം ചൂരല്‍ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. ചൂരല്‍ മലയില്‍ സൈന്യം എത്തിയ ശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരല്‍പ്പുഴയ്ക്ക് അക്കരെയും എത്തിപ്പെടാനായി താല്‍ക്കാലിക പാലം നിര്‍മിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.