കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ എന്‍ജിനിയറിങ് ഗ്രൂപ്പ് എത്തും.
മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ് ബെംഗളൂരുവില്‍ നിന്നാണ് എത്തുക. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എന്‍ജിനിയറിങ് വിഭാഗം നടപ്പാക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള-കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി.ടി മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാ പ്രവര്‍ത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു
പോലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരിച്ചില്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും.
ചൂരല്‍മല കേന്ദ്രീകരിച്ചാണ് പ്രധാനമായി രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ അഗ്‌നിരക്ഷാസേന ശ്രമം നടത്തുന്നുണ്ട്. ഫോണ്‍ സിഗ്‌നല്‍ കുറവായ വനപ്രദേശമായതുകൊണ്ട് തന്നെ രക്ഷാ ദൗത്യത്തിന് പോയവരുടെ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.
രക്ഷാ പ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്ന് നാവികസേനാ സംഘവും എത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. നേവിയുടെ റിവര്‍ ക്രോസിങ് ടീമാണ് എത്തുന്നത്.
എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, പോലീസ് എന്നിവരുടെ സംഘം ദുരന്ത സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 101 ഓളം പേരെ രക്ഷിച്ചു. ഇതില്‍ ആറ് പേര്‍ ഐ.സി.യുവിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്.
ബത്തേരി സെന്റ് മേരീസ് എസ്.കെ.എം.ജെ സ്‌കൂള്‍, എസ്.കെ.എ.ജെ സ്‌കൂള്‍ കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ക്യാമ്പ് ആരംഭിച്ചു. ഇരു ക്യാമ്പുകളിലും മെഡിക്കല്‍ സഘത്തെ വിന്യസിച്ചിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും അലര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാവിലെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാകും. കേന്ദ്ര പ്രതിനിധികള്‍ ഉടന്‍ വയനാട്ടിലേക്ക് പോകും. ആരാണെന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
അതേസമയം ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും പലയിടത്തും എത്തിപ്പെടാന്‍ പ്രയാസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് പോവുകയാണെന്നും പ്രധാനമന്ത്രി എല്ലാ സഹായവും വാദ്ഗാനം ചെയ്തുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് സ്ഥിതി വിലയിരുത്തിയത്. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കളക്ടറുമായും സംസാരിച്ചു. വയനാട്ടില്‍ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും രക്ഷാ പ്രവര്‍ത്തനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.