കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയി. വയനാട്ടില്‍ 69 മൃതദേഹങ്ങള്‍ കണ്ടെത്തി. 16 മൃതദേഹങ്ങള്‍ നിലമ്പൂരിലാണ് കണ്ടെത്തിയത്.
എട്ട് പേരുടെ ശരീരഭാഗങ്ങളും കണ്ടെത്തി. വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി, നിലമ്പൂര്‍ എന്നീ ആശുപത്രികളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.
മേപ്പാടിക്കടുത്ത് ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടിയത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോവുകയും ചെയ്തു. കര, നാവിക സേനകളെത്തിയിട്ടും കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുന്നുണ്ട്.
ദുരന്തത്തില്‍ മരിച്ച നാല്‍പതോളം പേരെയാണ് ഇതുവരെ തിരിച്ചറിയാനായത്. നിരവധി പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഉറ്റവരെ തേടി ആശുപത്രികളില്‍ എത്തുന്ന ബന്ധുക്കളുടെ നിലവിളികള്‍ കരളലിയിക്കുന്നതാണ്.
ദുരന്തത്തില്‍ നൂറിലേറെ ആളുകള്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാ ദൗത്യം പൂര്‍ണതോതില്‍ ഇതുവരെ ആരംഭിക്കാനായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.