ന്യൂഡല്‍ഹി: വയനാട് ദുരന്തത്തെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. കേരള എംപിമാര്‍ നോട്ടീസ് നല്‍കിയിട്ടും വയനാട് ദുരന്തത്തെ കുറിച്ച് സംസാരിക്കാന്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് രാജ്യസഭ ബഹളമയമായി. സൈനിക സഹായവും സാമ്പത്തിക സഹായവും വേണമെന്നവശ്യപ്പെട്ടാണ് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സഭ പ്രക്ഷുബ്ദമായത്.
ഇതോടെ, തുടങ്ങിവച്ച വിഷയം മാറ്റിവെച്ച് വയനാട് പ്രശ്‌നം ഉന്നയിക്കാന്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ നിര്‍ബന്ധിതനായി. ദുരന്തത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ തയാറാകാത്ത നടപടിക്കെതിരെ കേരള കോണ്‍ഗ്രസ് എംപി ജോസ് കെ. മാണി സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി.
ജോസ് കെ മാണിക്ക് പുറമെ കേരളത്തില്‍ നിന്നുള്ള എംപിമാരായ പി.വി അബ്ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, സന്തോഷ് കുമാര്‍, ജെബി മേത്തര്‍, ഡോ. വി. ശിവദാസന്‍ എന്നിവര്‍ വയനാട് ദുരന്തത്തിന്റെ ഭീതിദമായ അവസ്ഥ സഭക്ക് മുമ്പാകെ വെച്ചു.
സൈനിക സഹായത്തോനൊപ്പം കേരള സര്‍ക്കാറിന് സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. സഭയിലെ ചര്‍ച്ചക്കിടെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ വയനാട്ടേക്ക് അയച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ അങ്ങോട്ടയച്ചുവെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് സഭയെ അറിയിച്ചത്. വയനാടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും അലര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
ദുരന്തം നടന്ന ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം നല്‍കി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ ആര്‍മി, എയര്‍ ഫോഴ്‌സ്, നേവി തുടങ്ങിയ സേനാ വിഭാഗങ്ങള്‍ വയനാട്ടിലേക്ക് തിരിക്കും. കേന്ദ്ര പ്രതിനിധി ഉടന്‍ വയനാട്ടിലേക്ക് പോകുമെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.