കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടകൈയിലും ചൂരല്‍ മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രാത്രി 9.30 ന് ലഭ്യമായ വിവര പ്രകാരം 125 മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അറുപതോളം മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ട നടപടികള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റ നൂറ്റമ്പതിലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി നാളെ രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും.
തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് സൈനിക സംഘങ്ങള്‍ നാളെ അതിരാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക-കേരള സബ് ഏരിയ കമാണ്ടര്‍ മേജര്‍ ജനറല്‍ വി.ടി മാത്യു നാളെ വയനാട്ടിലെത്തും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. വയനാട്ടിലെ കണ്‍ട്രോള്‍ റൂമിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കും.
മദ്രാസ്, മറാത്ത റെജിമെന്റുകളില്‍ നിന്ന് 140 പേരാണ് നാളെ ദുരന്തഭൂമിയില്‍ എത്തുക. 330 അടി ഉയരമുള്ള താല്‍കാലിക പാലം നാളെ നിര്‍മ്മാണം തുടങ്ങും. ബെംഗളൂരുവില്‍ നിന്ന് നാളെ പുലര്‍ച്ചെ പാലത്തിന്റെ ഭാഗങ്ങള്‍ എത്തിക്കും. അതിനായി ബെംഗളൂരുവില്‍ നിന്ന് സംഘം പുറപ്പെട്ടു കഴിഞ്ഞു. ആര്‍മി എഞ്ചിനിയറിങ്ങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിര്‍മാണത്തിന് എത്തുന്നത്.
പാലം നിര്‍മ്മാണത്തിനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കി. ചെറു പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് നാളെ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. ഇതോടൊപ്പം ഡല്‍ഹിയില്‍ നിന്ന് മൂന്ന് സ്‌നിഫര്‍ ഡോഗുകളേയും എത്തിക്കും. മൃതദേഹങ്ങള്‍ കണ്ടെത്താനാണ് സ്‌നിഫര്‍ ഡോഗുകളെ എത്തിക്കുന്നത്.
അതിനിടെ കേരളത്തിന് സഹായം നല്‍കണമെന്ന് കര്‍ണാടകയിലെ കോര്‍പ്പറേറ്റ് കമ്പനികളോട് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചു. സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പരമാവധി കേരളത്തിന് സഹായം എത്തിച്ച് നല്‍കാനാണ് ആഹ്വാനം. അവശ്യ വസ്തുക്കള്‍ ആയോ പണമായോ വസ്ത്രങ്ങള്‍ ആയോ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.