രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തി; താല്‍കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തിയത് 500 ല്‍ അധികം പേരെ

രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തി; താല്‍കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തിയത് 500 ല്‍ അധികം പേരെ

മേപ്പാടി: വയനാട് ദുരന്തത്തില്‍ ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെ താല്‍കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരും അഗ്‌നിശമന സേനയും ചേര്‍ന്നാണ് ചൂരല്‍മലയില്‍ ചൊവ്വാഴ്ച രാത്രിയോടെ താല്‍കാലിക പാലം നിര്‍മ്മിച്ചത്.

രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ വീണ്ടും തിരച്ചില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നിര്‍മ്മിച്ചത്. ഉരുള്‍പൊട്ടല്‍ നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. ദുരന്ത ഭൂമിയില്‍ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയില്‍ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ആദ്യം ശ്രമം നടത്തിയത്. എന്നാല്‍ ഇത് അതീവദുഷ്‌കരവും സമയമെടുക്കുന്നതുമായ രക്ഷാപ്രവര്‍ത്തനം ആയിരുന്നു.

താല്‍കാലിക പാലം യാഥാര്‍ഥ്യമായതോടെ രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലായി. അതിനൊപ്പം അതീവ ദുഷ്‌കരമായ ലാന്‍ഡിങ് നടത്തി വ്യോമസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തത്.
മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്. തിങ്കളാഴ്ച രാത്രിയില്‍ ഉണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളിലായി മരണസംഖ്യ 125 ആയി. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.

കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡിഎസ്സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍്‌പ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തെയും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടില്‍ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.