മോശം കാലാവസ്ഥ: രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്‍ എത്തില്ല

മോശം കാലാവസ്ഥ: രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്‍ എത്തില്ല

ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല. മൈസൂരിലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇരുവരുടേയും സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. എക്സിലൂടെയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം അറിയിച്ചത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാഹുലും പ്രിയങ്കയും സന്ദര്‍ശനം മാറ്റിവച്ചത്. എന്നാല്‍ എത്രയും വേഗം തങ്ങള്‍ വയനാട്ടിലെത്തുമെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുകയാണ്. ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഏര്‍പ്പാട് ചെയ്യും. ഈ വിഷമഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും രാഹുല്‍ഗാന്ധി അറിയിച്ചു. തന്റെ പ്രാര്‍ത്ഥനകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയും എക്‌സില്‍ കുറിച്ചു.

ദുരന്തബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനായി ബുധനാഴ്ച ഉച്ചയോട് കൂടി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വയനാട്ടില്‍ എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൈസൂരുവില്‍ നിന്നും റോഡ് മാര്‍ഗം മേപ്പാടിയിലെത്തുകയും തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നുമായിരുന്നു അറിയിപ്പ്. രാവിലെ 6.30 ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ യാത്ര തിരിക്കാനായിരുന്നു തീരുമാനം. പ്രതികൂല കാലാവസ്ഥ കാരണം യാത്ര അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.