കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ മുണ്ടക്കൈയില്‍ കവര്‍ന്നത് അഞ്ഞൂറോളം വീടുകള്‍. വയനാട്ടിലെ ഈ മലയോര ഗ്രാമത്തില്‍ മണ്ണും കല്ലുമല്ലാതെ ഇപ്പോള്‍ ഒന്നുമില്ല. കാലു കുത്തിയാല്‍ കുഴിഞ്ഞ് താഴേക്ക് പോകുന്ന സാഹചര്യം.
ചില വീടുകളുടെ റൂഫിനൊപ്പം മണ്ണ് മൂടിയിരിക്കുന്നു. ഉള്ളില്‍ എത്ര മനുഷ്യരുണ്ടെന്ന് വ്യക്തമല്ല. മുണ്ടക്കൈയെ ഒന്നാകെ മൂടിയ മണ്ണിനടിയില്‍ നിന്ന് ഇനിയും കണ്ടെത്താന്‍ നിരവധി മനുഷ്യര്‍ ബാക്കിയാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്.
540 വീടുകളില്‍ അവശേഷിക്കുന്നത് 30 ഓളം വീടുകള്‍ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ കെ. ബാബു പറഞ്ഞു.
റൂഫ് നീക്കി കോണ്‍ക്രീറ്റ് പൊളിച്ചു വേണം ഓരോ വീട്ടിനുള്ളിലുമുള്ള മനുഷ്യരെ പുറത്തെടുക്കാന്‍. ഉറ്റവരെ കാത്ത് രാവിലെ മുതലേ മുണ്ടക്കൈയില്‍ എത്തിയവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എങ്ങനെ എത്തും എന്നറിയാതെ സകലരോടും സഹായം അഭ്യര്‍ഥിക്കുന്ന നിസാഹായ സ്ഥിതി.
രക്ഷാ പ്രവര്‍ത്തകരുടെ കണ്ണില്‍പ്പെടാത്തവര്‍ക്കായി മുണ്ടക്കൈയില്‍ സംയുക്ത സംഘം രാവിലെ മുതലെ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പരിക്കേറ്റവരെ എയര്‍ ലിഫ്റ്റിങ് വഴി ആദ്യം പുറത്തെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്.
ചൂരല്‍ മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന താല്‍കാലിക പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ബാക്കിയുള്ളവരെയും പുറത്തെത്തിച്ചു. മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ നടത്താനെത്തിയവര്‍ക്ക് മുന്നില്‍ ഉപകരണങ്ങളുടെ അപര്യാപ്തത വെല്ലുവിളിയായി.
കോണ്‍ക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കരികിലെത്താന്‍ സാധിക്കുകയുള്ളൂ.
അത്യാധുനിക ഉപകരണങ്ങള്‍ എപ്പോള്‍ എത്തിക്കാനാവുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ലാത്തതിനാല്‍ ചുറ്റിക ഉള്‍പ്പെടെ ഉപയോഗിച്ച് തടസം നീക്കി വളരെ പ്രയാസപ്പെട്ടാണ് സംഘം തിരച്ചില്‍ നടത്തുന്നത്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയില്‍ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.