മിനസോട്ടയിലെ ചരിത്ര പ്രസിദ്ധമായ സെൻ്റ് വിൻസെൻ്റ് ഡി പോൾ ദേവാലയം വിശുദ്ധ അൽഫോൻസയുടെ പേരിൽ പുനർനാമകരണം ചെയ്തു

മിനസോട്ടയിലെ ചരിത്ര പ്രസിദ്ധമായ സെൻ്റ് വിൻസെൻ്റ് ഡി പോൾ ദേവാലയം വിശുദ്ധ അൽഫോൻസയുടെ പേരിൽ പുനർനാമകരണം ചെയ്തു

ചിക്കാഗോ: മിനസോട്ടയിലെ ചരിത്ര പ്രസിദ്ധമായ സെൻ്റ് വിൻസെൻ്റ് ഡി പോൾ ദേവാലയം വിശുദ്ധ അൽഫോൻസയുടെ പേരിൽ പുനർനാമകരണം ചെയ്തു.ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിൻ്റെ നേതൃത്വത്തിൽ ജൂലൈ 27 ന് നടന്ന ആഘോഷമായ ചടങ്ങിലാണ് പുനർ നാമകരണം നടന്നത്. മിനസോട്ടയിലേക്ക് കുടിയേറിയ സീറോ - മലബാർ വിശ്വാസികളുടെ മതസംസ്‌കാരം, പാരമ്പര്യങ്ങൾ എന്നിവയെ പിന്തുണയ്‌ക്കുന്നതിനും നിലനിർത്തുന്നതിനുമായാണ് ഈ പുനർനാമകരണം.

മിനിയാപൊളിസിലെ ആർച്ച് ബിഷപ്പ് ബെർണാഡ് ഹെബ്ദ, ബിഷപ്പ് എമിരിറ്റസ് ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് ഷാർബെൽ മറൂനും നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പുനപ്രതിഷ്ട ചടങ്ങിൽ‌ പങ്കെടുത്തു. ചടങ്ങിൽ മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷവും കുട്ടികൾക്കുള്ള ആദ്യകുർബാന സ്ഥിരീകരണ ചടങ്ങുകളും അന്നേ ദിനം നടന്നു.

ഫാ. ആൻ്റണി സ്കറിയയെ പ്രഥമ വികാരിയായി നിയമിച്ചു. 1887 ൽ സ്ഥാപിതമായ സെൻ്റ് വിൻസെൻ്റ് ഡി പോൾ ദേവാലയം കത്തോലിക്കരുടെ തലമുറകളായുള്ള ആത്മീയ കേന്ദ്രമാണ്. ഫ്രോഗ്‌ടൗൺ മേഖലയിൽ വർധിച്ചു വരുന്ന കത്തോലിക്കാ ജനസംഖ്യക്ക് ആശ്വാസമായിരുന്നു ദേവാലയം. 1907 ൽ ജോർജ് ജെ റൈസാണ് ദേവാലയം രൂപകൽപ്പന ചെയ്തത്.

സെൻ്റ് വിൻസെൻ്റ് ഡി പോൾ ദേവാലയം ഒരു ആരാധനാലയം മാത്രമല്ല സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രം കൂടിയാണ്. 1891 ൽ സ്ഥാപിതമായ ഇടവക സ്കൂൾ 20-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ അടച്ചുപൂട്ടുന്നതുവരെ പല തലമുറകൾക്ക് വിദ്യാഭ്യാസം നൽകി. വിശുദ്ധനായ വിൻസന്റ് ഡി പോളിന്റെ മാതൃകയുൾക്കൊണ്ടുകൊണ്ട് ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സഹായിക്കുന്ന സാമൂഹിക, ജീവകാരുണ്യ സംരംഭങ്ങളിൽ സഭ സജീവമായി ഏർപ്പെട്ടിട്ടുണ്ട്.

1960 കളുടെ തുടക്കത്തിൽ സീറോ മലബാർ കത്തോലിക്കാ സമൂഹം ചിക്കാ​ഗോയിലേക്ക് കുടിയേറാൻ തുടങ്ങി. 1963ൽ ഇന്ത്യയിൽ നിന്നുള്ള ബിഷപ്പ് ആൻ്റണി പടിയറ സീറോ - മലബാർ സഭയുടെ ആദ്യത്തെ മേജർ ആർച്ച് ബിഷപ്പും കർദിനാളുമായി മാറിയതോടെ സീറോ-മലബാർ വൈദികരുടെ അമേരിക്കയിലേക്കുള്ള വരവും വർധിച്ചു.

വൈദികനായ ഫാ. തോമസ് ചാത്തപ്പറമ്പിൽ 1969 ൽ മിനസോട്ടയിലെത്തി അദേഹത്തിൻ്റെ സഹായത്തോടെ ഇന്ത്യയിൽ നിന്നുള്ള രണ്ട് സന്യാസിമാർ 1970 ൽ ഡീഫാവനിലെ സെൻ്റ് തെരേസ് ഇടവകയിൽ സേവനം ആരംഭിച്ചു. ഫാ. ജോസഫ് അറക്കൽ, പരേതനായ റവ. ജോർജ്ജ് തൂംകുഴി, ഫാ. ആൻ്റണി സ്കറിയ തുടങ്ങിയ വൈദികർ ഇതിനോടകം ഇവിടെ സേവനം അനുഷ്ടിച്ചിട്ടുണ്ട്. മിനസോട്ടയിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ജീവിതത്തെ പരിപോഷിപ്പരിക്കുന്നതായിരിക്കും പുതിയ ദേവാലയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.