മേപ്പാടി: പ്രളയകാലത്തും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളുടെ സമയങ്ങളിലുമെല്ലാം സഹജീവി സ്‌നേഹത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റേയും നിരവധി കാഴ്ചകള്‍ കേരളം കണ്ടതാണ്. പണവും ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളുമായി ഉള്ളതിന്റെ ഒരോഹരി പലരും കൊടുത്തപ്പോള്‍ ഉപജീവന മാര്‍ഗത്തില്‍ ഉള്ളതെല്ലാം പെറുക്കിക്കൊടുക്കുന്ന ഹൃദയഹാരിയായ നിമിഷങ്ങള്‍ക്കും നമ്മള്‍ സാക്ഷിയായി. കുരുന്നുകള്‍ മുതല്‍ വയോധികര്‍ വരെ അവിടെ കൈകോര്‍ത്തു. 
ഇപ്പോഴിതാ വയനാട് മുണ്ടക്കൈയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് കേരളം ഇരയായപ്പോള്‍ അവിടെയും സഹജീവി സ്‌നേഹത്തിന്റെ മഹാ അധ്യായങ്ങള്‍ രചിക്കപ്പെടുകയാണ്. ദുരന്ത ഭൂമിയില്‍ നിന്ന് പെറ്റമ്മയെ നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ വേണമെങ്കില്‍ പറയണം, തന്റെ ഭാര്യ തയാറാണ് എന്ന് അറിയിച്ചിരിക്കുകയാണ് ഒരു പൊതുപ്രവര്‍ത്തകന്‍. ദുരന്തമുഖത്ത് നിന്ന് ഓരോരുത്തരെയും രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്‌കരമാണെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ സാധ്യമായ രീതിയിലെല്ലാം പ്രതീക്ഷയോടെ നീങ്ങുന്നതിനിടെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് വന്ന ഹൃദയഹാരിയായ ഈ അഭ്യര്‍ഥന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
'ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ... എന്റെ ഭാര്യ റെഡിയാണ്'- എന്നാണ് പൊതുപ്രവര്‍ത്തകരിലൊരാള്‍ വാട്ട്‌സ്ആപ്പ് സന്ദേശമായി സന്നദ്ധ പ്രവര്‍ത്തകരെ അറിയിച്ചത്. സന്ദേശം പൊതുപ്രവര്‍ത്തകന്റെ പേര് മറച്ച് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ അഭിനന്ദനം അറിയിച്ചും സന്തോഷം പങ്കിട്ടും നിരവധി പേരാണ് രംഗത്തെത്തിയത്. ചേര്‍ത്തുപിടിക്കലിന്റെ ഇത്തരം മനുഷ്യരുള്ള നമ്മുടെ നാട് എവിടെയും തോല്‍ക്കില്ല എന്നാണ് പലരും പറയുന്നത്.
ഇവരെ പോലുള്ളവര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോല്‍പിക്കാനാവില്ല, സമാനതകളില്ലാത്ത ഹൃദയ ഐക്യം കേരളത്തിന്റെ കൈമുതല്‍, കഷ്ടപ്പാടിന്റെ വേദനകള്‍ അറിഞ്ഞ വാക്കുകള്‍, ഇതാണ് കേരളം.നമുക്കഭിമാനിക്കാം ആ സഹോദരിയെയും സഹോദരനെയും കുറിച്ചോര്‍ത്ത്, പ്രളയത്തെ പോലും തോല്‍പിക്കുന്ന ചേര്‍ത്തുവെപ്പ്... ദൈവം അനുഗ്രഹിക്കട്ടെ- എന്നിങ്ങനെ പോകുന്നു സോഷ്യല്‍മീഡിയയിലെ കമന്റുകള്‍. ആ യുവതിയുടെയും ഭര്‍ത്താവിന്റേയും മനസിന് സൈബറിടം വന്‍ കൈയടിയാണ് നല്‍കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.