മൂന്നാം ദിനവും രക്ഷാദൗത്യം തുടങ്ങി: 11: 30 ന് സര്‍വകക്ഷി യോഗം; രാഹുലും പ്രിയങ്കയും ഇന്നെത്തും

മൂന്നാം ദിനവും രക്ഷാദൗത്യം തുടങ്ങി: 11: 30 ന് സര്‍വകക്ഷി യോഗം; രാഹുലും പ്രിയങ്കയും ഇന്നെത്തും

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാം ദിനവും രക്ഷാ ദൗത്യം തുടങ്ങി. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് വയനാട്ടില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരും. കളക്ടറേറ്റില്‍ രാവിലെ 11.30 നാണ് യോഗം. വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എം.എല്‍.എ.മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്തമേഖലയിലെത്തും. വിമാന മാര്‍ഗം കണ്ണൂരിലെത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 ഓടെ കല്‍പ്പറ്റയില്‍ എത്തും. മേപ്പാടിയിലെ ക്യാമ്പുകളും ആശുപത്രിയും സന്ദര്‍ശിക്കും. മോശം കാലാവസ്ഥയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്ന അധികൃതരുടെ നിര്‍ദേശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര റദ്ദാക്കിയത്.

ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 282 ആയി. ഇതുവരെ നടത്തിയ തിരച്ചിലില്‍ 173 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ 96 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് 1167 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിന്റെ കഡാവര്‍ നായകളും തിരച്ചിലിനുണ്ട്. അതേസമയം മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കും. രക്ഷാപ്രവര്‍ത്തനത്തിന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നാവികസേനയും രംഗത്തുണ്ട്.

അതേസമയം മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം കൂടി വരികയാണ്. മരണസംഖ്യ 264 ആയി ഉയര്‍ന്നപ്പോള്‍ 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അതേസമയം ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.

മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലവിളിയായത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച താല്‍കാലിക പാലം മുങ്ങി. പ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് മറുകരയിലേക്ക് മാറുകയായിരുന്നു. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.

രാത്രിയിലും തുടര്‍ന്ന പാലത്തിന്റെ നിര്‍മാണം രാവിലെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.

ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ്‍ സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളില്‍ ഇരുമ്പ് തകിടുകള്‍ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാനാവൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.