ജനപ്രതിനിധികള്‍ രാഷ്ട്രീയം കളിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുത്; സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

ജനപ്രതിനിധികള്‍ രാഷ്ട്രീയം കളിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുത്; സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

കൊച്ചി: വയനാട്ടിലും മറ്റ് ജില്ലകളിലും വന്‍ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തിന് ആശ്വാസം പകരേണ്ട സമയങ്ങളില്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയം കളിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അത്തരം സമീപനം ഖേദകരമാണെന്നും അല്‍മായ ഫോറം വ്യക്തമാക്കി.

മഹാദുരന്തത്തില്‍ നിന്ന് കരകയറാന്‍ വയനാടിനെയും മറ്റ് ദുരന്ത പ്രദേശങ്ങളെയും സഹായിക്കാന്‍ ജനപ്രതിനിധികള്‍ ഒരുമിച്ചു നില്‍ക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജനപ്രതിനിധികളും ഒരുമിച്ചു പ്രവര്‍ത്തിക്കണം. പരസ്പരം കുറ്റാരോപണം നടത്തേണ്ട സമയമല്ല. എല്ലാവരും ഒരുമിച്ച് നിന്ന് ദുരന്തത്തില്‍ അകപ്പെട്ട ജനങ്ങളെ സഹായിക്കണം. ജാതി മതഭേദമന്യേ എല്ലാവര്‍ക്കും ഒറ്റ കെട്ടായി പ്രവര്‍ത്തിക്കാനുള്ള അവസരം കൂടിയാണിതെന്നും അല്‍മായ ഫോറംഓര്‍മ്മപ്പെടുത്തി.

രാഷ്ട്രീയ ലാഭമല്ല നോക്കേണ്ടത് മറിച്ച് എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനാണ് ഇനി മുന്‍ഗണന നല്‍കേണ്ടത്. രാഷ്ട്രീയത്തിന് അതീതമായി ഒറ്റകെട്ടായി നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള സന്ദര്‍ഭമാണ് ഇന്ന് കേരളത്തില്‍ ജനപ്രതിനിധികള്‍ ചെയ്യേണ്ടത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ മത-രാഷ്ട്രീയ നേതൃത്വങ്ങള്‍ സജീവമാകണം. ഇത് പരസ്പരം പഴിചാരാനുള്ള സമയമല്ലെന്നും ദുരന്ത മേഖലയില്‍ നിന്ന് പരമാവധി ആളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും പൊതുജനങ്ങളും സഹകരിക്കണം.

രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുളള നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും അല്‍മായ ഫോറം
ആവശ്യപ്പെട്ടു. ദുരന്ത ബാധിതര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കാനുളള നടപടി സ്വീകരിക്കുകയും അവരുടെ പുനരധിവാസത്തിന് പരമാവധി സഹായം നല്‍കുകയും ചെയ്യണം. ജനങ്ങളെ ഭിന്നിപ്പിക്കുകയല്ല അവരെ ചേര്‍ത്തുനിര്‍ത്തി കരുത്തും ആശ്വാസവും നല്‍കുകയാണ് ജനപ്രതിനിധികള്‍ ചെയ്യേണ്ടത്. സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള ഇടപെടലുകള്‍ക്ക് പൊതുജനങ്ങള്‍ ഉദാരമായി പിന്തുണ നല്‍കണം.

വിശ്വാസ യോഗ്യമായ സംവിധാനങ്ങളിലൂടെ സഹായങ്ങള്‍ നല്‍കുമ്പോഴാണ് കൃത്യമായ ആസൂത്രണത്തിലൂടെ അര്‍ഹര്‍ക്ക് അത് എത്തിക്കാനാകുകയെന്ന് മനസിലാക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണക്കണമെന്ന് അല്‍മായ ഫോറം അഭ്യര്‍ത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.