ഉറക്കമില്ലാതെ സൈനികര്‍: ലൈറ്റിന്റെ വെളിച്ചത്തില്‍ നിര്‍മാണം; മുണ്ടക്കൈയെ ചൂരല്‍ മലയുമായി ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലം ഇന്നു തുറക്കും

ഉറക്കമില്ലാതെ സൈനികര്‍:  ലൈറ്റിന്റെ വെളിച്ചത്തില്‍ നിര്‍മാണം; മുണ്ടക്കൈയെ ചൂരല്‍ മലയുമായി ബന്ധിപ്പിക്കുന്ന  ബെയ്‌ലി പാലം ഇന്നു തുറക്കും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട മുണ്ടക്കൈയെ ചൂരല്‍ മലയുമായി ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലം ഇന്ന് സൈന്യം തുറന്ന് നല്‍കും. ലൈറ്റിന്റെ വെളിച്ചത്തില്‍ ഇന്നലെ അര്‍ധ രാത്രിയും ജോലികള്‍ നടത്തിയാണ് പാലം നിര്‍മാണം വേഗത്തിലാക്കിയത്. സൈന്യമാണ് പുഴയ്ക്ക് കുറുകെയുള്ള പാലം നിര്‍മിക്കുന്നത്.

പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ മുണ്ടക്കൈ മേഖലയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുതിയ വേഗം കൈവരിക്കും. ഭാരമേറിയ യന്ത്ര സാമഗ്രികള്‍ ഉള്‍പ്പെടെ മുണ്ടക്കൈയിലെത്തിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ കൂടുതല്‍ പേരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

നേരത്തേ ഇവിടെയുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നതോടെ പുഴയ്ക്ക് കുറുകെ വടം കെട്ടിയും താല്‍കാലിക പാലം സ്ഥാപിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

190 അടിയാണ് ചൂരല്‍ മലയില്‍ നിര്‍മ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നീളം. 24 ടണ്‍ ഭാരം വഹിക്കാന്‍ പാലത്തിന് കഴിയും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍ മലയില്‍ എത്തിച്ചത്.

ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്ക് ചൂരല്‍ മലയില്‍ നിന്നും താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ വീണ്ടും എത്തിയിരുന്നു.

വ്യോമ സേനയുടെ രണ്ടാമത്തെ വിമാനമാണ് എത്തിയത്. ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വിമാനത്തില്‍ നിന്നും ഇറക്കിയ പാലം നിര്‍മാണ സാമഗ്രികള്‍ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരല്‍ മലയിലെ ദുരന്ത മേഖലയില്‍ എത്തിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.