കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ എട്ട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു. പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാകും ചാലിയാറിന്റെ തീരങ്ങളില്‍ തിരച്ചില്‍ നടത്തുക.
മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ നാളെ എത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു. മൃതദേഹങ്ങളടക്കം കണ്ടെത്താന്‍ നിലവില്‍ ആറ് നായകളും തിരച്ചില്‍ സംഘത്തിനൊപ്പമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും ഇന്നെത്തും.
കോസ്റ്റ് ഗാര്‍ഡ്, ഫോറസ്റ്റ്, നേവി ടീമും തിരച്ചിലും നടത്തും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നു മുതല്‍ ആറ് സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും. 25 ആംബുലന്‍സ് ആണ് ബെയ്‌ലി പാലം കടന്ന് മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്‌നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. ഓരോ ആംബുലന്‍സിനും ജില്ലാ കളക്ടര്‍ പ്രത്യേക പാസ് നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.