'ഇനിയൊരു ചോദ്യമില്ല... അവസാനിച്ചു'; വിദ്യാര്‍ത്ഥിനിയോട് കോപിച്ച് മുഖ്യമന്ത്രി

'ഇനിയൊരു ചോദ്യമില്ല... അവസാനിച്ചു';  വിദ്യാര്‍ത്ഥിനിയോട് കോപിച്ച് മുഖ്യമന്ത്രി

കൊച്ചി: 'നവകേരളം യുവകേരളം: ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന പേരില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി. കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍  നടന്ന പരിപാടിയിലാണ് വിദ്യാര്‍ത്ഥിനിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേഷ്യപ്പെട്ടത്.

സംവാദം അവസാനിപ്പിച്ച് നന്ദി പറഞ്ഞ ശേഷം ചോദ്യം ചോദിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. നന്ദി പറഞ്ഞ ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു തുടങ്ങുമ്പോള്‍ 'ഇനിയൊരു ചോദ്യമില്ല... ഒരു ചോദ്യവുമില്ല... അവസാനിച്ചു.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ രോക്ഷത്തോടെയുള്ള മറുപടി. തുടര്‍ന്ന് അദ്ദേഹം വേദിയിലേക്ക് മടങ്ങി.

എന്നാല്‍, മാന്യമായി ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിനിയോട് മുഖ്യമന്ത്രിക്ക് നന്നായി പെരുമാറാമായിരുന്നു എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം. കോഴിക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ പൊതുപരിപാടി കഴിഞ്ഞ് പോകാനൊരുങ്ങവേ 'ഉമ്മന്‍ ചാണ്ടീ' എന്ന അഞ്ചാം ക്ലാസുകാരിയുടെ വിളികേട്ട് തിരിച്ചു വന്ന് കാര്യമന്വേഷിച്ച് നടത്തിക്കൊടുത്ത ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നു എന്ന കമന്റും സോഷ്യല്‍ മീഡിയയില്‍ കണ്ടു.

അതേസമയം, എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ, 'നവകേരളം യുവകേരളം പരിപാടിയുടെ ഭാഗമായി മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് ഉപകരിക്കുന്ന നൂതന ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ ആശയങ്ങളും ആവശ്യങ്ങളും ഗൗരവത്തോടെ പരിഗണിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പാക്കുമെന്നും ഉറപ്പു നല്‍കി.'

'പൊതുവിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ച മാറ്റങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ വികസിപ്പിക്കാനാകും. വിദ്യാഭ്യാസത്തോടൊപ്പംതന്നെ തൊഴില്‍ പരിശീലനവും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ലോകത്ത് ആകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയും മാറേണ്ടതുണ്ട്.'-മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.