കല്‍പ്പറ്റ: വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യത പരിഗണിക്കണം. സന്ദര്‍ശനത്തിന് നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
ക്യാമ്പുകള്‍ വീടാണെന്ന് കണ്ട് ഇടപെടണം. വലിയ മാനസിക വിഷമത്തിലാണ് ക്യാമ്പിലുള്ളവര്‍ എന്നത് ഓര്‍ക്കണം. അഭിമുഖം അടക്കം എടുക്കുന്നത് ഒഴിവാക്കണം. അതിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ക്യാമ്പില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്.
ചൂരല്‍മലയിലേയും മുണ്ടക്കൈയിലെയും രക്ഷാപ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്കാണ്. മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ച് കൊണ്ടാണ് തിരച്ചില്‍ നടക്കുന്നത്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം, എന്നീ മേഖലകളില്‍ നിന്നും വെള്ളിയാഴ്ച്ച വൈകുന്നേരം വരെ പതിനൊന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തിലാണ് മേഖലയിലെ രക്ഷാപ്രവര്‍ത്തനം. സേനാ വിഭാഗങ്ങളും, പൊലീസും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. ദുരന്ത മേഖലയെ ആറ് സെക്ടറുകളാക്കി വിഭജിച്ചാണ് ഇന്ന് രാവിലെ തിരച്ചില്‍ ആരംഭിച്ചത്.
അതേസമയം മെഡിക്കല്‍ സേവനങ്ങള്‍ക്കായി ആരോഗ്യ വകുപ്പും ആര്‍മി മെഡിക്കല്‍ സര്‍വീസസും രംഗത്തുണ്ട്. ഇവര്‍ക്കൊപ്പം തന്നെ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ സംഘവും സ്ഥലത്തുണ്ട്. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലികോപ്ടറുകളും എട്ട് ഡ്രോണുകളും ആകാശ നിരീക്ഷണവും നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.