ജീവന്റെ തുടിപ്പ് തേടി അഞ്ചാം നാള്‍: വയനാട്ടില്‍ ഇന്ന് ഡ്രോണ്‍ തിരച്ചില്‍; കാണാമറയത്ത് 280 പേര്‍

ജീവന്റെ തുടിപ്പ് തേടി അഞ്ചാം നാള്‍: വയനാട്ടില്‍ ഇന്ന് ഡ്രോണ്‍ തിരച്ചില്‍; കാണാമറയത്ത് 280 പേര്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് വ്യാപകമായി നടത്തിയ തിരച്ചിലില്‍ ഇന്നലെ കണ്ടെടുത്തത് 18 മൃതദേഹങ്ങള്‍. ചാലിയാര്‍ പുഴയില്‍ നിന്ന് ഇന്നലെ അഞ്ച് മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളും ലഭിച്ചു. ഇതോടെ മരണ സംഖ്യ 344 ആയി. 280 പേരെക്കുറിച്ച് ഉരുള്‍പൊട്ടലുണ്ടായി നാല് ദിവസം കഴിഞ്ഞിട്ടും വിവരമില്ല.

അതേസമയം സര്‍ക്കാര്‍ കണക്കില്‍ മരണം 210 ആണ്. മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കുമിടയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചുള്ള തിരച്ചിലാണ് തുടരുന്നത്. ആറ് മേഖലകളായി തിരിച്ച് നാല്‍പത് സംഘങ്ങളാണ് ഒരേസമയം തിരച്ചിലില്‍ ഏര്‍പ്പെട്ടത്. അത് ഇന്നും തുടരും.

സേനയുടെയും നേവിയുടെയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ വിഭാഗങ്ങളുടെയും അടക്കം 640 സംഘമാണ് രംഗത്തുള്ളത്. സേനയുടേതിന് പുറമെ പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്ടറും ദുരന്ത ഭൂമിയിലും ചാലിയാര്‍ തീരങ്ങളിലും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. വൈദ്യസേവനം നല്‍കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിനും ആര്‍മി മെഡിക്കല്‍ സര്‍വീസസിനും പുറമെ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ സംഘവും സ്ഥലത്തുണ്ട്.

റഡാര്‍ സിഗ്‌നലുകളെ തുടര്‍ന്ന് ഇന്നലെ രാത്രി സൈന്യം നടത്തിയ അടിയന്തര രക്ഷാദൗത്യം മനുഷ്യ സാന്നിധ്യമില്ലെന്ന് ബോധ്യമായതോടെ രാത്രി ഒന്‍പതോടെ നിര്‍ത്തുകയായിരുന്നു. ഇന്നലെ ഉച്ച മുതല്‍ റഡാറില്‍ മൂന്നുവട്ടം സിഗ്‌നല്‍ ലഭിച്ചിരുന്നെങ്കിലും അത് ദുര്‍ബലമായതോടെ വൈകുന്നേരം ആററോടെ ദൗത്യസംഘങ്ങള്‍ മടങ്ങിപ്പോയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് രാത്രി മടങ്ങിയെത്തി രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്.

കൊച്ചിയിലെ സ്വകാര്യ കമ്പനിയുടെ അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്‌നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നായിരുന്നു ഇത്. തകര്‍ന്ന വീടിന്റെ അടുക്കള ഭാഗത്താണ് സിഗ്‌നല്‍ ലഭിച്ചത്. കര്‍ണാടകയിലെ ഷിരൂരിലും ഇതേ കമ്പനിയുടെ റഡാര്‍ ഉപയോഗിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സ്വകാര്യകമ്പനി ദൗത്യത്തില്‍ പങ്കാളിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.