അതിജീവിച്ചത് രണ്ട് ലോകമഹായുദ്ധങ്ങള്‍, കണ്ടത് 10-ലധികം മാര്‍പാപ്പമാരെ; യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ അന്തരിച്ചു

അതിജീവിച്ചത് രണ്ട് ലോകമഹായുദ്ധങ്ങള്‍, കണ്ടത് 10-ലധികം മാര്‍പാപ്പമാരെ; യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ അന്തരിച്ചു

റോം: യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ സിസ്റ്റര്‍ സെരഫീന 111-ാം വയസില്‍ അന്തരിച്ചു. റോമില്‍ വിശ്രമജീവിതം നയിക്കവേയാണ് സിസ്റ്റര്‍ സെരഫീന നിത്യതയിലേക്കു യാത്രയായത്.

തെക്കന്‍ ഇറ്റലിയിലെ അബ്രൂസോയില്‍ ഉള്‍പ്പെടുന്ന ലാന്‍ചിയാനോ എന്ന പട്ടണത്തില്‍ 1913 ഏപ്രില്‍ 17നായിരുന്നു സിസ്റ്റര്‍ സെരഫീനയുടെ ജനനം. അന്നാ ലാ മോര്‍ജിയ എന്നായിരുന്നു അന്നത്തെ പേര്. ഇരട്ടസഹോദരിയായിരുന്ന മൊഡെസ്റ്റയും സന്യാസജീവിതമാണ് നയിച്ചിരുന്നത്. സിസ്റ്റര്‍ മോഡസ്റ്റ 2011-ല്‍, 98-ാം വയസിലാണ് മരിച്ചത്.

88 വര്‍ഷങ്ങള്‍ക്കു മുന്‍പ് 19-ാം വയസിലാണ് സെരഫീന 'മിഷനറി സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്' എന്ന സന്യാസ സമൂഹത്തില്‍ ചേര്‍ന്നത്. സന്യാസവ്രതം സ്വീകരിച്ചപ്പോള്‍ സിസ്റ്റര്‍ സെരഫീന എന്ന പേര് സ്വീകരിച്ചു.

അബ്രൂസോയില്‍, കുട്ടികളുടെ മതബോധന പരിശീലനത്തിന് നേതൃത്വം നല്‍കിയിരുന്ന സിസ്റ്റര്‍ സെരഫീന പുതിയ തലമുറകളെയും കന്യാസ്ത്രീകളെയും ഏറെ വാല്‍സല്യത്തോടെ പരിചരിച്ചു.

110ാം വയസില്‍ മെഡിക്കല്‍ അപ്പോയിന്റ്മെന്റിനായി ആറു മാസത്തെ കാത്തിരിപ്പ് കാലയളവ് ലഭിച്ചതിനെതുടര്‍ന്ന് സിസ്റ്റര്‍ സെറാഫിന കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ കാലതാമസം വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. തുടര്‍ന്ന് വി ഷയത്തില്‍ ലാസിയോ മേഖലയിലെ ഗവര്‍ണറായ ഫ്രാന്‍സെസ്‌കോ റോക്ക ഇടപെട്ടിരുന്നു.

1952 ല്‍ റോമിലെ ജനറലേറ്റ് ഹൗസില്‍ സേവനത്തിനായി അധികൃതര്‍ നിയോഗിച്ചു. രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച സിസ്റ്റര്‍ സെരഫീനയ്ക്ക് ജീവിതകാലയളവില്‍ പത്തിലധികം മാര്‍പാപ്പാമാരെ കാണാന്‍ കഴിഞ്ഞു എന്നതും പ്രത്യേകതയാണ്. 1918ല്‍ സ്പാനിഷ് ഫ്‌ളൂ, 2004-ല്‍ സാര്‍സ്, ഒടുവില്‍ കോവിഡ് മഹാമാരി എന്നിവയെയും സിസ്റ്റര്‍ അതിജീവിച്ചു. കഴിഞ്ഞ ഏപ്രിലില്‍ സിസ്റ്റര്‍ സെരഫീനയുടെ 111-ാം ജന്മദിനം റോമിലെ കോണ്‍വെന്റില്‍ വിപുലമായി ആഘോഷിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.