കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് ഡ്രോണ്‍ സര്‍വേ നടത്തും. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചില്‍. ഉരുള്‍പൊട്ടലില്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസിലാക്കി പരിശോധന ശക്തമാക്കും.
ചാലിയാറില്‍ രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചില്‍ പുനരാരംഭിച്ചു. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മരണസംഖ്യ 369 ആയി. തിരിച്ചറിഞ്ഞ 148 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. 30 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. ജില്ലയിലെ 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ സര്‍വമത പ്രാര്‍ത്ഥനയോടെ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും.
ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്തത്. ഉരുള്‍പൊട്ടല്‍ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തിരച്ചില്‍ നടത്തി. ആദ്യ ദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നലെയും തിരച്ചില്‍ നടത്തിയത്. തമിഴ്‌നാടിന്റെ ഫയര്‍ഫോഴ്‌സ് ഡോഗ് സ്‌ക്വാഡിന്റെ സഹകരണം കൂടി ഇന്നലെ ലഭിച്ചിരുന്നു.
അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചാലിയാറില്‍ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറില്‍ വിപുലമായ തിരച്ചില്‍ നടത്താനാണ് തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തിങ്കളാഴ്ചയോടെ തന്നെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.