ദുരന്ത സ്ഥലത്തെ വീടുകളില്‍ മോഷണം: പുറമേ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

ദുരന്ത സ്ഥലത്തെ വീടുകളില്‍ മോഷണം: പുറമേ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് ചൂരല്‍ മല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ വീടുകളില്‍ മോഷണ ശ്രമം. രക്ഷാ പ്രവര്‍ത്തകരെന്ന വ്യാജേനയാണ് ചിലര്‍ പ്രദേശത്ത് മോഷണത്തിനിറങ്ങിയിരിക്കുന്നത്.

ദുരന്ത സ്ഥലം വീഡിയോയാക്കി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാനായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികളുടെ വരവും കൂടുതലാണ്. ഇവരുടെ ശല്യം രക്ഷാ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുമെന്നായതോടെ പുറമേ നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിന്  പൊലീസ്  കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി.

ദുരന്തഭൂമിയില്‍ അവശേഷിക്കുന്ന വീടുകളിലും പാടികളിലുമെല്ലാം മോഷണങ്ങളോ മോഷണ ശ്രമങ്ങളോ ഇതിനകം നടന്നു കഴിഞ്ഞു. ചൂരല്‍ മല ടൗണിലെ ഇബ്രാഹിമിന്റെ വീട്ടില്‍ ഇന്നലെ പകല്‍ മോഷണം നടന്നു. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന് അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്.

ദുരന്തമുണ്ടായതിന് പിന്നാലെ ഇബ്രാഹിമും കുടുംബവും വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പിലാണ്. വീട്ടിലെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി രാവിലെ വീട്ടിലെത്തിയപ്പോള്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. രക്ഷാ പ്രവര്‍ത്തനത്തിനായി മുണ്ടക്കൈയിലേക്ക് പോയി ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്.

വില്ലേജ് ഓഫീസ് പരിസരത്തെ കൂരിമണ്ണില്‍ സലീമിന്റെ വീട്ടിലും മോഷണ ശ്രമമുണ്ടായി. ചെളികയറി നാശമായ വീട്ടിനുള്ളിലെ അലമാര പൊളിച്ച് ഉള്ളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണ്.

അതേസമയം, തിരച്ചിലിനിടെ കണ്ടെത്തുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം രക്ഷാ പ്രവര്‍ത്തകര്‍ അധികൃതരെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഡിസാസ്റ്റര്‍ ടൂറിസം വേണ്ടെന്ന മുന്നറിയിപ്പു നല്‍കുന്ന പോസ്റ്റുകള്‍ പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.