യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും; പണം ചിലവഴിക്കുന്നതില്‍ സുതാര്യത വേണമെന്ന് പ്രതിപക്ഷ നേതാവ്

യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും; പണം ചിലവഴിക്കുന്നതില്‍ സുതാര്യത വേണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: വയനാടിന്റെ പുനര്‍ നിര്‍മാണത്തിന് യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. ദുരന്തം നേരിട്ട നാടിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളിലും യുഡിഎഫ് പങ്കാളികളാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി നൂറ് വീടുകള്‍ വച്ചു നല്‍കുമെന്ന് അറിയിച്ചു. യുഡിഎഫിലെ എല്ലാ കക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകും. വീടുകളിലേക്ക് മടങ്ങുന്നവരില്‍ വരുമാനം നഷ്ടപ്പെട്ടവരും അനാഥരായവരുമുണ്ട്. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥന.

അതിന് വേണ്ടി എല്ലാ സഹായവും ഇപ്പോള്‍ പ്രഖ്യാപിച്ചതിനു പുറമെ യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടാവും. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി സഹകരിക്കും. ഇത്തരം ദുരന്തങ്ങള്‍ കേരളത്തില്‍ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യാനാവുമെന്ന് ഗൗരവമായി ആലോചിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കേരളത്തില്‍ മലയിടിച്ചിലിന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും പ്രോണ്‍ ഏരിയ മാപ്പിങ് നടത്തണം. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കണം. കുസാറ്റ് കാലാവസ്ഥാ വകുപ്പു രാജ്യാന്തര നിലവാരത്തിലെ സൗകര്യങ്ങളുള്ളതാണ്. അവരെക്കൂടി ലിങ്ക് ചെയ്യണം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ മലയിടിച്ചിലും മറ്റും മുന്‍കൂട്ടി അറിയാന്‍ കഴിയണം. ഇപ്പോഴുള്ള പുനരധിവാസത്തിനൊപ്പം അതിന് വേണ്ടിയുള്ള ശ്രമം ഉണ്ടാവണം. മുന്നറിയിപ്പ് സംവിധാനം വേണം. മുന്നറിയിപ്പുണ്ടായാല്‍ എത്രയും വേഗം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ദുരിതാശ്വാസ നിധിയുടെ കാര്യത്തില്‍ യുഡിഎഫിന് അഭിപ്രായ വ്യത്യാസമില്ലെന്നും എന്നാല്‍ ഈ പണം വയനാടിന് മാത്രമായി ചെലവഴിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്നുംഅദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.