'ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇഎംഐ അടക്കണം'; ക്യാമ്പില്‍ കഴിയുന്നവരെ വിളിച്ച് പണമിടപാട് സ്ഥാപനങ്ങള്‍: താക്കീത് നല്‍കി റവന്യൂ മന്ത്രി

'ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇഎംഐ അടക്കണം'; ക്യാമ്പില്‍ കഴിയുന്നവരെ വിളിച്ച് പണമിടപാട് സ്ഥാപനങ്ങള്‍: താക്കീത് നല്‍കി റവന്യൂ മന്ത്രി

കല്‍പ്പറ്റ: വയനാട്ടിലെ വന്‍ ദുരന്തത്തില്‍ കഷ്ടിച്ച് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവവരോട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ മനുഷ്യത്വ രഹിതമായ സമീപനം.

ചൂരല്‍ മലയിലും മുണ്ടക്കൈയിലും ഉണ്ടായ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ ഫോണില്‍ വിളിച്ച് വായ്പയെടുത്ത തുകയുടെ ഇഎംഐ അടയ്ക്കാന്‍ ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വിളിച്ചതായി പരാതി ഉയര്‍ന്നു.

തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം 'ജീവിച്ചിരിപ്പുണ്ടോ?' എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ 'ഇഎംഐ തുക അടക്കണം' എന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിക്കാരില്‍ ഒരാള്‍ വ്യക്തമാക്കി. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആകുമെന്നാണ് അറിയിച്ചത്.

എന്നാല്‍ വായ്പാ തിരിച്ചടവ് ആവശ്യപ്പെട്ട് ദുരന്ത ബാധിതരെ വിളിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് റവന്യൂ മന്ത്രിയുടെ താക്കീത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്നും മനുഷ്യത്വമുള്ളവര്‍ ചെയ്യുന്ന കാര്യമല്ല ഇതെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

'ഉറ്റവരെ തേടുകയാണ് ക്യാമ്പിലെ  ഓരോ മനുഷ്യരും. എന്തിനാണ് ക്യാമ്പില്‍ തന്നെ വന്നു കിടക്കുന്നത്. നിവര്‍ത്തിയില്ലാത്തതുകൊണ്ടല്ലേ. അവരെ ചേര്‍ത്തു പിടിക്കേണ്ട സമയമല്ലേ ഇത്. ഒരു കൊള്ളയ്ക്കും ആരെയും വിധേയമാക്കില്ല. കേരളമാണിത്.

സ്വകാര്യ കമ്പനികള്‍ അവരുടെ നിയമാവലി അനുസരിച്ച് മുന്നോട്ട് പോകുന്നതില്‍ പ്രയാസമില്ല. എന്നാല്‍, മനുഷ്യത്വ രഹിത നിലപാടുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല'- കെ. രാജന്‍ പറഞ്ഞു.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തന്നെ നേരിട്ട് വിളിക്കാം. ജില്ലാ കളക്ടറെയോ എഡിഎമ്മിനെയോ വിളിക്കാം. പേടിപ്പിച്ച് പിരിക്കാനോ, പാവപ്പെട്ടവരെ ദ്രോഹിക്കാനോ ഒരു കമ്പനിയെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.