"എല്ലാം സോളാര്‍ കേസിലെ പ്രത്യുപകാരം": സിപിഎമ്മിനെ വെട്ടിലാക്കി സരിതയുടെ രണ്ടാം ശബ്ദരേഖ


തിരുവനന്തപുരം: സിപിഎമ്മിനേയും ഇടത് സര്‍ക്കാരിനേയും കൂടുതല്‍ പ്രതിരോധത്തിലാക്കി സരിത എസ്.നായരുടെ മൊബൈല്‍ സംഭാഷണത്തിന്റെ മറ്റൊരു ശബ്ദരേഖയും പുറത്തുവന്നു. സിപിഎമ്മിന് തന്നെ പേടിയാണെന്നാണ് സരിത ഇതില്‍ വ്യക്തമാക്കുന്നത്. സോളാര്‍ കേസില്‍ സിപിഎമ്മിനൊപ്പം നിന്നതിന്റെ പ്രത്യുപകാരമായി നിയമനം നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തുന്നതും ശബ്ദരേഖയിലുണ്ട്.

പാര്‍ട്ടി ഫണ്ടിന് വേണ്ടിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നത്. ഇതുവഴി ലഭിക്കുന്ന പണം പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമായി പങ്കുവയ്ക്കും. സിപിഎം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായത് കൊണ്ടാണെന്നും സരിത പറയുന്നു.

സര്‍ക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയില്‍ നാലു പേര്‍ക്കു താന്‍വഴി പിന്‍വാതില്‍ നിയമനം നല്‍കിയെന്നു സോളര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായര്‍ അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിയമനങ്ങള്‍ക്കു രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ട്. ജോലി കിട്ടുന്നവര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് ധാരണയെന്നും സരിത, തൊഴില്‍ തട്ടിപ്പിന് ഇരയായ അരുണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

കെടിഡിസിയിലും ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു യുവാക്കളില്‍ നിന്ന് സരിതയും കൂട്ടരും 16 ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണു പരാതി. തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു സരിതയ്ക്കെതിരെ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.