ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍; ബംഗ്ലാദേശില്‍ സൈന്യം ഭരണം ഏറ്റെടുത്തു: ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍; ബംഗ്ലാദേശില്‍ സൈന്യം ഭരണം ഏറ്റെടുത്തു: ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജി വച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡല്‍ഹിയിലെത്തി. ഇവിടെ നിന്ന് ലണ്ടനിലേക്ക് പോകുമെന്നാണ് അറിയുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ഓടെ സൈനിക ഹെലികോപ്റ്ററിലാണ് എഴുപത്തിയാറുകാരിയായ ഹസീനയും സഹോദരിയും രാജ്യം വിട്ടത്.

അതിനിടെ ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ സൈന്യം ഭരണം ഏറ്റെടുത്തു. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

'രാജ്യം വളരെയേറെ കഷ്ടപ്പാടുകള്‍ നേരിട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് അക്രമം അവസാനിപ്പിക്കേണ്ട സമയമാണ്'- സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ പറഞ്ഞു.

ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും സിവില്‍ സൊസൈറ്റി മെമ്പര്‍മാരുമായും സംസാരിച്ചതായും സൈനിക മേധാവി അറിയിച്ചു. എന്നാല്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗുമായി സംസാരിച്ചിട്ടില്ല.

സാഹചര്യം മെച്ചമായാല്‍ അടിയന്തരാവസ്ഥ തുടരേണ്ടി വരില്ല. വിദ്യാര്‍ഥികള്‍ ശാന്തരാകുകയും പുതിയ സര്‍ക്കാരിനോട് സഹകരിക്കുകയും വേണം. ആഴ്ചകളോളം നീണ്ട പ്രക്ഷോഭത്തില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വാകര്‍ ഉസ് സമാന്‍ പറഞ്ഞു.

1971 ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാക്കിയ വിമോചന യുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണ് ബംഗ്ലദേശില്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി മാറുകയായിരുന്നു.

അതേസമയം ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അവിടേക്കുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്റെ പരിസരത്ത് സുരക്ഷ കര്‍ശനമാക്കി. ബംഗ്ലാദേശില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.